ന്യൂഡൽഹി: മയൂർവിഹാറിൽ 19 വയസുള്ള ഗർഭിണിയായ യുവതിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. ചില്ല ഗാവിലെ ഫയർ ബ്രിഗേഡിന് സമീപമാണ് മുഖത്തും വയറിലും കുത്തേറ്റ നിലയിൽ ഇവരെ കണ്ടെത്തിയത്.
ഉടൻതന്നെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. കിഴക്കൻ ഡൽഹി സ്വദേശിയായ യുവതി ആയുർവേദ സെന്ററിലെ ജീവനക്കാരിയാണ്.
ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ അജ്ഞാതർ ആക്രമിച്ചതാണെന്നു പോലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും തകർന്ന മൊബൈൽ ഫോൺ കണ്ടെടുത്തു. പരിചയക്കാർ ആരെങ്കിലുമാണോ ആക്രമണത്തിനു പിന്നിലെന്ന് അന്വേഷിക്കുന്നുണ്ടെന്നും മുഖത്തും അടിവയറ്റിലും ഒന്നിലധികം കുത്തേറ്റ മുറിവുകൾ കണ്ടെത്തിയതായും പോലീസ് വ്യക്തമാക്കി. യുവതി മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പമാണ് താമസിക്കുന്നത്.