അൽ റയാൻ( ഖത്തർ): 18-ാമത് എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ ഇന്ന് ശക്തരായ ഓസ്ട്രേലിയയ്ക്കെതിരേ. നോക്കൗട്ട് പ്രവേശനം ബുദ്ധിമുട്ടാണെങ്കിലും അതു സാധ്യമാണെന്നു തെളിയിക്കാൻ ഇന്ത്യ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ കിരീടപ്രതീക്ഷകളായ ഓസ്ട്രേലിയയെ നേരിടും. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം.
കഴിഞ്ഞ രണ്ടു തവണ (2011ലും 2019ലും) ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലേ പുറത്തായി. ഇത്തവണയും ഗ്രൂപ്പ് ബിയിലുള്ള ഇന്ത്യയുടെ കാര്യങ്ങൾ അത്ര സുഖകരമല്ല. ഫിഫ റാങ്കിംഗിൽ 102-ാം സ്ഥാനത്തുള്ള ഇന്ത്യയേക്കാൾ മുന്പിലുള്ള ഓസ്ട്രേലിയ (25), ഉസ്ബക്കിസ്ഥാൻ (68), സിറിയ (91) ടീമുകളെയാണ് നേരിടേണ്ടത്.
ഇന്ന് ശക്തരായ ഓസ്ട്രേലിയയ്ക്കെതിരേ സമനിലയെങ്കിലും നേടാനായാൽ ഇഗോർ സ്റ്റിമാച്ച് പരിശീലിപ്പിക്കുന്ന ഇന്ത്യക്ക് 18ന് ഉസ്ബക്കിസ്ഥാനെയും 23നു സിറിയയെ നേരിടുന്നതിനു മുന്പ് ആത്മവിശ്വാസം നേടാനാകും. ഒരു ജയമെങ്കിലും നേടാനായാൽ മികച്ച മൂന്നാം സ്ഥാനക്കാരെന്ന നിലയിൽ പ്രീക്വാർട്ടറിലെത്താനുള്ള വഴിതുറക്കും.
ആറു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ, നാലു മികച്ച മൂന്നാം സ്ഥാനക്കാർ തുടങ്ങിയവരാണു പ്രീക്വാർട്ടറിലെത്തുക. ഗ്രൂപ്പ് ബിയിൽനിന്ന് ഓസ്ട്രേലിയയും ഉസ്ബക്കിസ്ഥാനുമാണ് ആദ്യ രണ്ടു സ്ഥാനക്കാരായി നോക്കൗട്ടിലെത്താൻ സാധ്യതയുള്ളത്. ഇവരെ തോൽപ്പിക്കുകയെന്നത് ഇന്ത്യക്ക് ബുദ്ധിമുട്ടേറിയ കാര്യമാണ്. സിറിയയെ രണ്ടു തവണ തോൽപ്പിച്ച (2007, 2009 നെഹ്റു കപ്പ് ടൂർണമെന്റിൽ) ചരിത്രം ഇന്ത്യക്കുണ്ട്.
ലക്ഷ്യം നോക്കൗട്ട്
ഏഷ്യൻ കപ്പിൽ അഞ്ചാം തവണ പങ്കെടുക്കുന്ന ഇന്ത്യ ഇതുവരെ നോക്കൗട്ടിൽ പ്രവേശിച്ചിട്ടില്ല. മുപ്പത്തിയൊന്പതുകാരനായ ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ കളിക്കാരനെന്ന നിലയിലെ അവസാനത്തെ പ്രധാന ടൂർണമെന്റാണിത്. ഛേത്രി ഇതു മൂന്നാം തവണയാണ് ഏഷ്യൻ കപ്പിനെത്തുന്നത്. 2011ലും 2019ലും കളിച്ചു. ആറു കളിയിൽ നാലു ഗോൾ നേടിയ താരം ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വലിയ നേട്ടമാണു സ്വന്തമാക്കിയത്.
ജയിച്ചു തുടങ്ങാൻ സോക്കുറൂസ്
ഇന്ത്യക്കെതിരേ ജയത്തോടെ ടൂർണമെന്റ് തുടങ്ങാനാണ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നത്. 2015ലെ ചാന്പ്യന്മാരായ ഓസ്ട്രേലിയ ഇത്തവണ കിരീടപ്രതീക്ഷയുമായാണ് എത്തുന്നത്. 2011ലും ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലാണ് ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയത്. ആ മത്സരത്തിൽ ഓസ്ട്രേലിയ 4-0ന് ജയിച്ചു.
പരിചയസന്പത്തും ഒപ്പം യുവത്വവും നിറഞ്ഞ കളിക്കാരെയാണ് ഇത്തവണ സോക്കറൂസ് ഇറക്കിയിരിക്കുന്നത്. യൂറോപ്യൻ ലീഗുകളിലും ആഭ്യന്തര ലീഗായ എ-ലീഗിലും ജപ്പാൻ, സൗദി അറേബ്യ ലീഗുകളിലും കളിക്കുന്നവരാണ് ഓ സ്ട്രേലിയൻ താരങ്ങൾ. ഇന്ത്യയും ഓസ്ട്രേലിയയും എട്ടാം തവണയാണ് ഏറ്റുമുട്ടുന്നത്.
നാലു തവണ ഓസ്ട്രേലിയയ ജയിച്ചിട്ടുണ്ട്. മൂന്നു തവണ ഇന്ത്യയും ഒരണ്ണം സമനിലയുമായി. 1957നു മുന്പായിരുന്ന ഇന്ത്യയുടെ ജയങ്ങൾ. ഇന്ത്യയുടെ സീനിയർ പുരുഷ ടീം ആദ്യമായാണ് വീഡിയോ അസിസ്റ്റന്റ് റഫറിയൂടെ കീഴിൽ കളിക്കുന്നത്.
റഫറിയായി ചരിത്രം കുറിക്കാൻ യോഷിമി
ഇന്ത്യ-ഓസ്ട്രേലിയ മത്സരം നിയന്ത്രിക്കുന്നതിലൂടെ ജപ്പാന്റെ യോഷിമി യാമാഷിത പുതിയ ചരിത്രം കുറിക്കും. ഏഷ്യൻ കപ്പിൽ ആദ്യമായാണ് ഒരു വനിതാ മത്സരം നിയന്ത്രിക്കാൻ ഇറങ്ങുന്നത്.