ദുബായ്: ഗർഭിണികൾക്കു ചില ഭക്ഷണസാധനങ്ങൾ കഴിക്കാൻ കൊതി തോന്നുന്നതു സാധാരണമാണ്. ഇത്തരം ഇഷ്ടങ്ങൾ മിക്ക ഭർത്താക്കന്മാരും സാധിച്ചുകൊടുക്കാറുമുണ്ട്. ഭാര്യക്ക് പച്ചമാങ്ങയും മസാലദോശയും വാങ്ങാൻ നട്ടപ്പാതിരയ്ക്കു ചുറ്റിത്തിരിയുന്നവരെ റീൽസിലും കാണാം. എന്നാൽ ദുബായിലെ ഒരു ഭർത്താവ് തന്റെ ഭാര്യയുടെ വ്യാക്കൂൺ മാറ്റാൻ നടത്തിയ പരിശ്രമം അറിഞ്ഞാൽ അമ്പരന്ന് പോകും. ഭാര്യയുടെ ഇഷ്ടഭക്ഷണം വാങ്ങാൻ ഇയാൾ സഞ്ചരിച്ചത് 13,000 കിലോമീറ്റർ ആണ്.
ദുബായിലെ കോടീശ്വരനായ റിക്കിയാണ് ഭാര്യ ലിൻഡ ആൻഡ്രേഡിനെയും കൂട്ടി ഇത്തരത്തിലൊരു യാത്ര നടത്തിയത്. ഇപ്പോൾ താമസം ദുബായിലാണെങ്കിലും അമേരിക്കയിലെ കാലിഫോർണിയയിലാണു ലിൻഡ വളർന്നത്. ഒമ്പതു മാസം ഗർഭിണിയായിരിക്കെ ജാപ്പനീസ് എ5 വാഗ്യുവും കാവിയറും കഴിക്കാൻ തനിക്കു തോന്നുന്നുവെന്ന് ഇവർ ഭർത്താവിനോടു പറഞ്ഞു. അമേരിക്കയിലെ ലാസ് വെഗാസിൽനിന്ന് ഈ ഭക്ഷണം കഴിച്ചിട്ടുള്ള ലിൻഡ അവിടെനിന്നു കഴിച്ചാൽ കൊള്ളാമെന്നും പറഞ്ഞു.
ദൂബായിൽനിന്നു ലാസ് വെഗാസിലേക്കുള്ള ദൂരം ഏകദേശം 13,000 കിലോമീറ്ററാണ്. കാശിനു പഞ്ഞമില്ലാത്ത റിക്കി ഒട്ടും വൈകാതെ ഭാര്യയെയും കൂട്ടി ദുബായിൽനിന്നു ലാസ് വെഗാസിലേക്കു പറന്നു. ഭാര്യയെ മതിയാവോളം ജാപ്പനീസ് വാഗ്യു കഴിപ്പിക്കുകയുംചെയ്തു.
ഇവർ കഴിച്ച വിഭവത്തിന്റെ വിലയാകട്ടെ 250 ഡോളർ (20,000 രൂപ). സാമൂഹിക മാധ്യമ ഇൻഫ്ലൂവൻസർ കൂടിയ ലിൻഡതന്നെയാണ് ഇക്കാര്യങ്ങൾ ടിക് ടോക്കിലൂടെ പങ്കുവച്ചത്. ഒരാഴ്ചകൊണ്ട് 25 കോടിയുടെ ഷോപ്പിംഗ് നടത്തിയെന്നു പറഞ്ഞു കഴിഞ്ഞവർഷം ലിൻഡ സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു.