ചേര്‍ത്തല: രാത്രിയില്‍ യുവതി ഫോണില്‍ വിളിച്ചുവരുത്തിയ യുവാവിനെ ഒമ്പതംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണവും ഫോണും അപഹരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു യുവതികളടക്കം ഏഴുപേരെ ചേര്‍ത്തല പോലീസ് അറസ്റ്റുചെയ്തു. രണ്ടുപേര്‍ ഒളിവിലാണ്. ആലപ്പുഴ സ്വദേശി അഖിലിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്.
ഇയാളുടെ പരാതിയില്‍ ആലുവ ചൂര്‍ണിക്കര തായ്ക്കാട്ടുകര പഴയപറമ്പ് അബ്ദുള്‍ ജലീല്‍ (32), തായ്ക്കാട്ടുകര ബാര്യത്തുവീട്ടില്‍ ജലാലുദീന്‍ (35), തായ്ക്കാട്ടുകര മാഞ്ഞാലിവീട്ടില്‍ മുഹമ്മദ് റംഷാദ് (25), തായാക്കാട്ടുകര നച്ചത്തള്ളാത്ത് വീട്ടില്‍ ഫൈസല്‍ (32), പള്ളൂരുത്തി കല്ലുപുരക്കല്‍ വീട്ടില്‍ അല്‍ത്താഫ് (20), കൊല്ലം കരുനാഗപ്പള്ളി പരക്കാട് സ്വദേശിനി കല്യാണി (20), പാലക്കാട് വാണിയംകുളം സ്വദേശിനി മഞ്ജു (25) എന്നിവരാണ് പിടിയിലായത്.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: അഖിലും യുവതിയും തമ്മില്‍ സൗഹൃദത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ അഖില്‍ യുവതിയെ ഫോണിലൂടെ അസഭ്യം പറഞ്ഞതിലുള്ള പ്രകോപനമാണ് തട്ടിക്കൊണ്ടുപോകലിനു കാരണമായത്.
യുവതി കൂട്ടുമാരുമായി ആലോചിച്ച് തന്ത്രപരമായി അഖിലിനെ രാത്രിയില്‍ ചേര്‍ത്തലയിലേക്കു വിളിച്ചുവരുത്തി. തുടര്‍ന്നാണ് തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്. പഴ്സിലുണ്ടായിരുന്ന 3500 രൂപയും ഫോണും കവര്‍ന്നശേഷം അവശനായ ഇയാളെ വഴിയില്‍ ഇറക്കിവിടുകയായിരുന്നു.
ഡിസംബര്‍ 23നു രാത്രിയിലാണ് സംഭവം. തുടര്‍ന്നാണ് യുവാവു ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയത്. സബ് ഇന്‍സ്പക്ടര്‍ കെ.പി. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആലുവയിലെ കോഫി ഷോപ്പില്‍നിന്നു പ്രതികളെ പിടികൂടി. മുങ്ങിയ രണ്ടുപേര്‍ക്കായി തെരച്ചില്‍ ശക്തമാക്കി.