കോഴിക്കോട്: സ്ത്രീകള്‍ മുഖ്യമന്ത്രിയാകുന്നതില്‍ തടസമില്ലെന്ന് മുന്‍ മന്ത്രിയും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജ എംഎല്‍എ.
കൂടുതല്‍ സ്ത്രീകള്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കൊടുക്കണം. വിജയസാധ്യതയൊക്കെ ചര്‍ച്ച ചെയ്താണു ചിലയിടത്തുനിന്നും സ്ത്രീകളുടെ പേരുകള്‍ മാറ്റുന്നത്.
ജയിക്കുന്ന സീറ്റില്‍ത്തന്നെ സ്ത്രീകളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അവര്‍ പറഞ്ഞു. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി നല്ല ആശയത്തോടുകൂടിയാണ് നാടിനെ മുന്നോട്ടു നയിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
നാളുകളായി പിന്തള്ളപ്പെട്ടുപോയ വിഭാഗമാണ് സ്ത്രീകള്‍. അവരെ മുന്നിലേക്കു കൊണ്ടുവരാന്‍ ഇടതുപക്ഷ ആശയം നന്നായി സഹായിച്ചിട്ടുണ്ട്. അതുപോലെ പാര്‍ലമെന്റിലും നിയമസഭയിലും അതിനാവശ്യമായ നടപടിക്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം.
വനിതാ സംവരണ ബിൽ കേന്ദ്രസര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രമാണെന്ന് കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. ശൈലജ എഴുതിയ “നിശ്ചയദാര്‍ഢ്യം കരുത്തായി ‘ എന്ന പുസ്തകം സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രകാശനം ചെയ്തു.