തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയൻ കത്തുന്ന സൂര്യനെപ്പോലെയാണെന്ന തന്റെ പരാമർശം വ്യക്തിപൂജയല്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
താൻ ആരെയും വ്യക്തി പൂജ നടത്തിയിട്ടില്ല. വ്യക്തിപൂജ അംഗീകരിക്കുന്ന പാർട്ടിയല്ല സിപിഎം. വാചകങ്ങളെ അടർത്തിയെടുത്തു വ്യാഖ്യാനിച്ചതിലുണ്ടായ പിഴവാണിത്.
വീണ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതു കൊണ്ടാണ് അന്വേഷണം. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് എക്സാ ലോജിക്കിനെതിരേയുള്ള അന്വേഷണം. ഞങ്ങൾക്കൊന്നും ബേജാറാകാൻ ഇല്ലാത്തതിനാൽ അന്വേഷണത്തെ ഭയക്കുന്നില്ല.
മുഖ്യമന്ത്രിയുടെ മകൾക്കെതിരേ നടക്കുന്ന അന്വേഷണത്തിൽ പാർട്ടി പ്രതിക്കൂട്ടിലാകാനില്ല. തങ്ങൾക്കെതിരേ അന്വേഷണം വരുമ്പോൾ കോണ്ഗ്രസ് എതിർക്കുകയും മറ്റുള്ളവർക്കെതിരേ വരുമ്പോൾ ഇതിനെ സ്വാഗതം ചെയ്യുന്ന ഇരട്ടത്താപ്പു സമീപനമാണു കോണ്ഗ്രസ് സ്വീകരിക്കുന്നത്.
എം.ടി യുടെ വിമർശനം കേരളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ ചെയ്തികളോടുമുള്ള വിമർശനത്തിന്റെ ഭാഗം. എം.ടി പറഞ്ഞ വിമർശനത്തിൽ തിരുത്തേണ്ടതുണ്ടോയെന്നു പരിശോധിക്കേണ്ടതുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരേ ഡൽഹിയിൽ മുഖ്യമന്ത്രി നടത്തുന്ന സമരം നാളെ ചേരുന്ന ഇടതു മുന്നണി യോഗം വിശദമായി ചർച്ച ചെയ്യും. കോണ്ഗ്രസ് അടക്കമുള്ളവരെ ക്ഷണിക്കും.