കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും രക്ഷപ്പെട്ട തടവുകാരൻ രക്ഷപ്പെട്ടതിൽ സുരക്ഷാ വീഴ്ചയെന്ന് പോലീസിന്റ വിലയിരുത്തൽ. സെൻട്രൽ ജയിലിൽ നിയമപ്രകാരം രാവിലെ ആറോടെയാണ് തടവുകാരെ സെല്ലുകളിൽ നിന്നും പുറത്തിറക്കുക. തുടർന്ന് തടവുകാരുടെ ദിനചര്യയക്കുള്ള സമയമാണ്.
ദിനചര്യക്ക് ശേഷം പ്രഭാത ഭക്ഷണം കഴിഞ്ഞാണ് തടവുകാരെ ജയിലിനു ജോലിക്കും മറ്റുമായി പുറത്ത് വിടുക. ജയിൽ ഉദ്യോഗസ്ഥരുടെയോ പോലീസിന്റെയോ കാവലിൽ മാത്രമേ തടവുകാരെ ജയിൽ ഗേറ്റിനു പുറത്തേക്ക് വിടാൻ പാടുള്ളൂ എന്നാണ് നിയമം.
എന്നാൽ ഇന്നലെ രാവിലെ പത്രക്കെടെടുക്കാൻ തടവുകാരനായ ലഹരി മരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട കോയ്യോട് സ്വദേശി ഹർഷാദിനെ സെൻട്രൽ ജയിലിലെ ഗേറ്റിനു പുറത്ത് പത്രക്കെട്ടെടുക്കാൻ വിട്ടത് സുരക്ഷാ വീഴ്ച തന്നെയാണെന്നാണ് പോലീസ് പറയുന്നത്.
അതിനിടെ രക്ഷപ്പെട്ട തടവുകാരൻ അടുത്ത ബന്ധുവുമായി ഫോണിൽ സംസാരിച്ചതായും സൂചനകൾ ലഭിച്ചിട്ടുണ്ട്.ആസൂത്രിതമായ നീക്കത്തിലൂടെയാണ് തടവുകാരൻ രക്ഷപ്പെട്ടതെന്നും കരുതുന്നു.
കഴിഞ്ഞ ദിവസം ഇയാളെ കാണാൻ ഒരാൾ ജയിലിലെത്തിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. ജയിൽ സന്ദർശിച്ചപ്പോൾ ഇരുവരും തടവുചാട്ടം ആസൂത്രണം ചെയ്തിരിക്കാമെന്നാണ് കരുതുന്നത്.
2017ലെ ലഹരി മരുന്ന കേസിൽ പത്തു വർഷം ശിക്ഷിക്കപ്പെട്ട പ്രതി കഴിഞ്ഞ വർഷമാണ് സെൻട്രൽ ജയിലിലെത്തിയത്. പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാത്ത തടവുകാരനെന്ന നിലയിൽ ജീവനക്കാരുടെ വിശ്വാസം ആർജിച്ചെടുത്ത് അത് മറയാക്കിയാണ് ഇയാൾ രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ ജയിലേക്കുള്ള പത്രക്കെട്ടുകൾ എടുക്കാനെന്ന വ്യാജേന ജയിൽ വളപ്പിലിറങ്ങിയ പ്രതി ഓടി രക്ഷപ്പെട്ട് പുറത്ത് തയാറാക്കി നിർത്തിയ ഇരുചക്രവാഹനത്തിൽ കടന്നു കളയുകയായിരുന്നു.
ഒരാൾ ഇരുചക്രവാഹനം സ്റ്റാർട്ട് ചെയ്ത് ജയിലിനു പുറത്ത് നിൽക്കുന്നത് ചിലർ കണ്ടിരുന്നു. കണ്ണൂർ ഭാഗത്തേക്കാണ് ഓടിച്ചു പോയതെന്ന് സിസിടിവി കാമറകളിലെ ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
തടവുകാരൻ രക്ഷപ്പെടാനിടയായത് സംബന്ധിച്ച് ജയിൽ ഡിജിപി ബന്ധപ്പെട്ടവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.കണ്ണൂർ സെൻട്രൽ ജയിലിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ജയിലിന്റെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
നിലവിൽ 34 അസി. പ്രിസണർമാരുടെ ഒഴിവാണ് സെൻട്രൽ ജയിലിലുള്ളത്. നിലവിലുള്ള ജീവനക്കാർ അധിക സമയം ജോലിയെടുത്തും മറ്റുമാണ് ഒരു വിധം ജയിലിലെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്നത്.