ഔറംഗബാദ് : കാർ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ബിഹാറിലെ ഔറംഗബാദിൽ നാല് പേർ കൊല്ലപ്പെട്ടു. നബിനഗറിൽ തിങ്കളാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ ജാർഖണ്ഡ് സ്വദേശികളാണ്.
കാറിലെത്തിയ ചെറുപ്പക്കാർ പ്രദേശത്തെ ഒരു കടയുടെ മുൻപിൽ വാഹനം പാർക്ക് ചെയ്തു. പ്രകോപിതനായ കടയുടമ തന്റെ കടയുടെ മുന്നിൽ വാഹനം പാർക്ക് ചെയ്യരുതെന്ന് കാർ യാത്രികരോട് പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. കുപിതരായ കാർ യാത്രികരിൽ ഒരാൾ തോക്കെടുത്ത് കടയുടമയെ വെടിവച്ചു കൊന്നു. സംഭവം കണ്ടുനിന്ന പ്രദേശവാസികൾ കാർ യാത്രികരെ വളഞ്ഞിട്ട് ക്രൂരമായി മർദിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചു എന്ന് ഔറംഗബാദ് ഡിഎസ്പി മുഹമ്മദ് അമാനുള്ള ഖാൻ പറഞ്ഞു.
വ്യത്യസ്ത സമുദായങ്ങളിലുള്ളവർ തമ്മിലാണ് സംഘർഷമുണ്ടായത്, എന്നാൽ സംഭവത്തിൽ വർഗീയ കോണുകൾ ഇല്ലെന്നും മുൻ കരുതലിന്റെ ഭാഗമായി സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഡിഎസ്പി കൂട്ടിച്ചേർത്തു. ഇവർക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ജാർഖണ്ഡിലെ പലമാവു ജില്ലയിൽനിന്നാണ് കാർ വന്നതെന്നും അതിൽ ഉണ്ടായിരുന്നവർ ഹൈദർനഗർ പ്രദേശവാസികളാണെന്നും പോലീസ് അറിയിച്ചു.