ന്യൂഡൽഹി: മൂടൽ മഞ്ഞിൽ വിമാനങ്ങൾ വ്യാപകമായി വൈകുന്ന സംഭവങ്ങൾ തുടരുന്ന സാഹചര്യത്തിൽ യാത്രക്കാരുടെ ആശങ്ക പരിഹരിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മാർഗനിർദേശങ്ങൾ (എസ്ഒപി) പുറത്തിറക്കി. യാത്രക്കാരെ യഥാസമയം വിവരങ്ങൾ അറിയിക്കണമെന്നതാണു ഡിജിസിഎ നിർദേശം. അതേസമയം, ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിൽ മൂടൽമഞ്ഞും അതിശൈത്യവും തുടരുകയാണ്.
വിമാനം വൈകിയാൽ യാത്രക്കാർക്ക് കൃത്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും മൂന്നു മണിക്കൂറിൽ കൂടുതൽ വൈകുമെന്നു പ്രതീക്ഷിക്കുന്ന വിമാനങ്ങൾ റദ്ദാക്കാമെന്നും യാത്രക്കാരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും എസ്ഒപിയിൽ പറയുന്നു.
പ്രതികൂല കാലാവസ്ഥ മൂലം ഡൽഹി എയർപോർട്ട് പോലുള്ള വിമാനത്താവളങ്ങളിൽ വിമാനങ്ങളുടെ കാലതാമസം, റദ്ദാക്കൽ, യാത്രക്കാരുടെ അസൗകര്യങ്ങൾ എന്നിവയ്ക്കു മറുപടിയായാണു മാർഗനിർദേശങ്ങൾ നൽകിയത്.
അതിനിടെ ഡൽഹി-ഗോവ ഇൻഡിഗോ വിമാനത്തിലെ പൈലറ്റിനെ യാത്രക്കാരൻ ആക്രമിച്ച സംഭവത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. നിലവിലുള്ള നിയമവ്യവസ്ഥകൾക്ക് അനുസൃതമായി ഇത്തരം സംഭവങ്ങളെ ശക്തമായി കൈകാര്യം ചെയ്യുമെന്നു സിന്ധ്യ എക്സിലൂടെ പറഞ്ഞു. ഡൽഹിയിൽനിന്നു ഗോവയ്ക്കുള്ള ഇൻഡിഗോ 6ഇ2175 വിമാനം വൈകുമെന്ന അറിയിപ്പ് നൽകുന്നതിനിടെയാണു യാത്രക്കാരൻ കോ-പൈലറ്റിനെ മർദിച്ചത്.