ബാലരാമപുരം: കെ സ്മാർട്ട് പദ്ധതിയുടെ നടത്തിപ്പിന് സാങ്കേതിക സഹായം നൽകുന്ന ഐകെഎമ്മിന്റെ സർവറുകളുടെ ശേഷി വർധിപ്പിക്കുന്നതടക്കമുള്ള മുന്നൊരുക്കങ്ങൾ ഒന്നും നടത്താതെ പദ്ധതി പ്രഖ്യാപിച്ചത് തദ്ദേശസ്ഥാപനങ്ങളിലെ അപേക്ഷകരെ ഒന്നടങ്കം ദുരിതത്തിലാക്കി. കെ സ്മാർട്ട് പദ്ധതി ജനുവരി ഒന്ന് മുതൽ കേരളത്തിലെ 87 മുനിസിപ്പാലിറ്റികളിലും 6 കോർപ്പറേഷനുകളിലും നടപ്പിലാക്കുമെന്നാണ് പ്രഖ്യാപിച്ചത്.
പദ്ധതി നിലവിൽ വരുമെന്ന് പ്രഖ്യാപിച്ച ജനുവരി ഒന്ന് കഴിഞ്ഞ് മൂന്നാമത്തെ ആഴ്ച തുടങ്ങിയിട്ടും നഗരസഭകൾ പുതിയ അപേക്ഷകൾ സ്വീകരിക്കാനോ പഴയ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാനോ കെട്ടിട കരം സ്വീകരിക്കാനോ ലൈസൻസുകൾ പുതുക്കാനോ കഴിയാത്ത സ്തംഭനാവസ്ഥയിലാണ്.
പുതിയ സംവിധാനം നടപ്പിലാക്കുന്ന ഐകെഎമ്മിന്റെ ശേഷി വർധിപ്പിക്കാതെയും ആവശ്യത്തിനുള്ള കംപ്യൂട്ടറുകൾ നഗരസഭ ഓഫീസുകളിൽ എത്തിക്കാതെയും വേണ്ട മുന്നൊരുക്കങ്ങൾ ചെയ്യാതെയും പദ്ധതി പ്രഖ്യാപിച്ചതാണ് പദ്ധതി അവതാളത്തിലാവാൻ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിലവിലുള്ള കംപ്യൂട്ടറുകൾ തന്നെ ഏറെയും തകരാറുള്ളവയും ശേഷിക്കുറവ് ഉള്ളവയുമാണ് എന്നാണ് ആക്ഷേപം.
കടലാസ് രഹിത പദ്ധതി എന്ന് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ പദ്ധതി നിലവിൽ വന്ന ജനുവരി ഒന്നിന് തലേനാളോടെ മുൻപ് നടപ്പിലാക്കിയിരുന്ന സംവിധാനം മരവിപ്പിച്ചിരുന്നു. പുതിയ സംവിധാനം പ്രവർത്തന സജ്ജമാക്കാതെയും ജീവനക്കാർക്ക് വേണ്ട പരിശീലനം കൊടുക്കാതെയുമായിരുന്നു പ്രഖ്യാപനം.
കേരളത്തിലെ എല്ലാ നഗരസഭകളിലെയും അപേക്ഷകൾ കൂട്ടമായി വരുന്ന രാവിലെ 10 മുതൽ 12 വരെയുള്ള സമയങ്ങളിലെ ഒന്നിച്ചുള്ള തിരക്ക് പരിഹരിക്കാനോ അപേക്ഷകന്റെ ഫോണിലേക്ക് ഒടിപി ചെന്ന് ഫീസ് അടച്ച് അപേക്ഷയിൽ തീർപ്പ് കല്പിക്കാൻ പാകത്തിലോ ഐകെഎമ്മിന്റെ സെർവർ സജ്ജമാണോ എന്ന് പരിശോധിക്കാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് പറയുന്നു. നഗരസഭയ്ക്കുള്ളിലെ കെട്ടിടങ്ങളുടെ വിവരങ്ങൾ അപ് ലോഡ് ചെയ്യുന്ന പണി 20 ശതമാനം മാത്രമാണ് പുരോഗമിച്ചിട്ടുള്ളത്. അതിൽതന്നെ അപാകത കടന്നു കൂടിയതായി ആക്ഷേപമുണ്ട്.
കെട്ടിടങ്ങളുടെയും വീട്ടുകളുടെയും മുഴുവൻ വിവരങ്ങളും ഉൾപ്പെടുത്തിയ ശേഷമേ കരം സ്വീകരിക്കുവാനോ, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നൽകാനോ കഴിയൂ. കെട്ടിട കരവും തൊഴിൽ കരവും അടയ്ക്കാൻ കഴിയാത്തത് മൂലം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ ലൈസൻസ് എടുക്കാനോ പഴയവ പുതുക്കാനോ കഴിയുന്നില്ല.
കാലാവധി ക്കുള്ളിൽ ലൈസൻസ് പുതുക്കാത്തവർക്ക് പതിനഞ്ച് ദിവസത്തിന് ലൈസൻസ് തുകയുടെ 25 ശതമാനം പിഴ അടച്ചാലേ പുതുക്കാനാവൂ. അതുപോലെതന്നെ പുതിയ സംരഭകർക്ക് ജിഎസ്ടി എടുക്കാൻ ലൈസൻസ് വേണം. ജിഎസ്ടി. എടുത്താൽ മാത്രമേ പുതിയ വ്യാപാരികൾക്ക് ഉത്പന്നങ്ങൾ വാങ്ങി വില്പന നടത്താൻ കഴിയൂ. അതുപോലെ വാർധക്യകാല പെൻഷൻ, കാൻസർ രോഗികൾക്കുള്ള പെൻഷൻ, വിധവ പെൻഷൻ തുടങ്ങിയ അത്യാവശ്യ അപേക്ഷകൾ പോലും സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണ്.
നഗരസഭകളിലെ ശ്മശാനങ്ങളിൽ മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള ഫീസ് സ്വീകരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് നിലവിൽ . പെർമിറ്റ് വാങ്ങി വീട് നിർമ്മാണം പൂർത്തിയാക്കി താമസമാകേണ്ടവർക്ക് വൈദ്യുതി-കുടിവെള്ള കണക്ഷനുകൾക്ക് വേണ്ട പ്രധാന രേഖയായ കെട്ടിട നമ്പർ ലഭിക്കാതായതോടെ ആ മേഖലയിലെ അപേക്ഷകരും ദുരിതത്തിലാണ്. പുതിയ പദ്ധതി പ്രവർത്തന സജ്ജമാകും വരെ പഴയ സംവിധാനം തുടരുക മാത്രമാണ് പ്രതിസന്ധിക്ക് പരിഹാരമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.