തലശേരി: പ്ലൈവുഡ് കമ്പനി ഉടമയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയും തടയാൻ ചെന്ന ഭാര്യയെ വെട്ടിപരിക്കേൽപ്പിക്കുകയും വീട് കൊള്ളയടിക്കുകയും ചെയ്ത കേസിൽ വിചാരണ പൂർത്തിയായി.
വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രീൻവുഡ് പ്ലൈവുഡ് ഫാക്ടറി ഉടമ ഒഡീഷ സ്വദേശി പ്രഭാകർ ദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് തലശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി.മൃദുല മുമ്പാകെ പൂർത്തിയായിട്ടുള്ളത്.
2018 മേയ് 19ന് രാത്രി 11 നാണ് കേസിനാസ്പദമായ സംഭവം. പതിനൊന്നും മൂന്നും വയസുള്ള രണ്ട് മക്കളുടെയും ഭാര്യയുടെയും മുന്നിൽ നടന്ന മൃഗീയ കൊലപാതകത്തിൽ അഞ്ച് പ്രതികളാണുള്ളത്.
ഇവരിൽ നാല് പേരാണ് അറസ്റ്റിലായി റിമാൻഡിലുള്ളത്. ഒഡീഷ സാന്ത വില്ലേജിലെ ഗണേഷ് നായിക്ക് (25), റിങ്കു തൂഫാൻ (21), ബപ്പുണ്ണ എന്ന രാജേഷ് ബഹ്റ (18), ചിഞ്ചു എന്ന പ്രസാന്ത് സേട്ട് (23) എന്നിവരാണ് വിചാരണ നേരിടുന്നത്. കേസിലെ അഞ്ചാം പ്രതി ബോലിയ ദഹൂറി ഒളിവിലാണുള്ളത്.
വളപട്ടണം എസ് ഐയായിരുന്ന ഇപ്പോഴത്തെ പാനൂർ എസ്ഐ സി.സി. ലതീഷിന്റെ നേതൃത്വത്തിൽ ഒഡീഷയിലെ സാന്ത ഗ്രാമത്തിൽനിന്നും അതിസാഹസികമായാണ് അന്ന് പ്രതികളെ പിടി കൂടിയത്.
കൊലപാതകത്തിനുശേഷം അന്നുതന്നെ ട്രെയിനിൽ പ്രതികൾ നാട്ടിലേക്ക് തിരിച്ചു. മൂന്ന് ദിവസത്തെ ട്രെയിൻ യാത്രയ്ക്കുശേഷം പ്രതികൾ നാട്ടിലെത്തുന്നതിന് മുമ്പുതന്നെ എസ് ഐ ലതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒഡീഷയിൽ എത്തിയിരുന്നു.
പ്രഭാകർ ദാസിന്റെ ജീവനക്കാരനായിരുന്ന ഗണേഷ് നായിക്കിന്റെ നേതൃത്വത്തിൽ സംഭവ ദിവസം രാത്രി വീട്ടിലെത്തിയ പ്രതികൾ പ്രഭാകർ ദാസിനെ കുത്തിക്കൊലപ്പെടുത്തുകയും വീട്ടിലുണ്ടായിരുന്ന 80,000 രൂപയും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്ന് സ്ഥലം വിടുകയായിരുന്നു.
പ്രതികളിൽ രണ്ടുപേർ സംഭവസമയത്ത് പ്രായപൂർത്തിയായിരുന്നില്ല. ഇവരുടെ മാനസികനില പരിശോധിച്ച ശേഷമാണ് വിചാരണ നടപടിയിലേക്ക് കടന്നത്.
നാല് പ്രതികളെയും പ്രഭാകർ ദാസിന്റെ ഭാര്യ ലക്ഷ്മി പ്രിയ ദാസ്, സംഭവം നടക്കുമ്പോൾ പതിനൊന്ന് വയസ് മാത്രം പ്രായമുണ്ടായിരുന്ന മകൾ രഷ്മിത ദാസ് എന്നിവർ ഉൾപ്പെടെയുള്ള സാക്ഷികൾ തിരിച്ചറിഞ്ഞു.
പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് ഹാജരാകുന്ന ഈ കേസിൽ മജിസ്ട്രേറ്റ് ഉൾപ്പെടെ 40 സാക്ഷികളെയാണ് വിസ്തരിച്ചത്. 103 രേഖകൾ കോടതി മാർക്ക് ചെയ്തു.
കൊലയ്ക്കുപയോഗിച്ച മൂന്ന് കത്തികൾ ഉൾപ്പെടെ 57 തൊണ്ടി മുതലുകൾ കോടതിയിൽ ഹാജരാക്കി. വിചാരണയുടെ അടിസ്ഥാനത്തിലുള്ള അന്തിമ വാദം 24 ന് നടക്കും.