ചങ്ങനാശേരി: ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനകൾക്കും താക്കീതുകള്‍ക്കും പുല്ലുവില. ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരുടെ ശീതസമരം ശമിക്കുന്നില്ല. ആശുപത്രിയില്‍നിന്നു വിവിധ ഇനത്തില്‍ നല്‍കാനുള്ള തുകകള്‍ വൈകുന്നു.
ആവശ്യത്തിനു മരുന്നില്ലെന്ന പരാതി ഉയരുകയും ഇതു പരിഹരിക്കുകയും ചെയ്തതിനു പിന്നാലെയാണ് ആശുപത്രിയിലേക്കു മരുന്നു നല്കിയ ഇനത്തില്‍ 24.24 ലക്ഷം ലഭിക്കാനുണ്ടെന്ന പരാതിയുമായി മെഡിക്കല്‍ സ്റ്റോർ ഉടമ രംഗത്തെത്തിയത്.
ജനറല്‍ ആശുപത്രിക്കു സമീപം പ്രവര്‍ത്തിക്കുന്ന ഹന്നാ മെഡിക്കല്‍സ് ഉടമ ഫ്ളാഷ് എമ്മാനുവല്‍ ആണ് ഇതുസംബന്ധിച്ച പരാതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജോബ് മൈക്കിള്‍ എംഎല്‍എ എന്നിവര്‍ക്കു നൽകിയത്.
2021, 2022 കാലയളവിൽ ആര്‍എസ്ബിവൈ ടെന്‍ഡര്‍ പ്രകാരം കിടപ്പുരോഗികള്‍ക്കു മരുന്നുവിതരണം ചെയ്ത പണമാണ് പരാതിക്കാരനു ലഭിക്കാനുള്ളത്. പണം ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെ അധികൃതരെ സമീപിക്കുമ്പോള്‍ പിന്നെ വരൂ എന്നു പറഞ്ഞുവിടുകയാണു പതിവെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു.
മുന്‍ സൂപ്രണ്ട് ഡോ. അജിത്കുമാര്‍ 2021 നവംബര്‍ വരെയുള്ള തുക പാസാക്കിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. 2021 ഡിംസബര്‍ മുതല്‍ 2022 ജൂണ്‍ പത്തുവരെയുള്ള ഫയലില്‍ മുന്‍ സൂപ്രണ്ട് ഒപ്പിട്ടിട്ടില്ലെന്നും വിഷയം പരിഹരിക്കാന്‍ നിലവിലുള്ള സൂപ്രണ്ട് തയാറാകുന്നില്ലെന്നും മെഡിക്കല്‍ സ്റ്റോർ ഉടമ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി പരാതി പരിശോധിക്കുകയും പണം നല്‍കാനുണ്ടെന്നു കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഫ്ളാഷ് എമ്മാനുവലിനു നൽകാൻ ക്ലാര്‍ക്ക് ചെക്ക് എഴുതിയെങ്കിലും തന്റെ കാലത്തുള്ള ടെന്‍ഡര്‍ അല്ലാത്തതിനാല്‍ ചെക്കില്‍ ഒപ്പിടാൻ സൂപ്രണ്ട് തയാറാകുന്നില്ലെന്നാണ് റിപ്പോർട്ട്.
ആശുപത്രിയിലെ വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിന് ഡിഎംഒ ഉള്‍പ്പെടെയുള്ള ഉന്നതാധികാരികള്‍ ആശുപത്രിയില്‍ എത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.