നടിയും നർത്തകിയുമായ സ്വാസിക വിജയ് വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ട്. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ജനുവരി 26 ന് തിരുവനന്തപുരത്താകും വിവാഹം നടക്കുന്നത്. വിവാഹ സ്വപ്നങ്ങളെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
കല്യാണം എന്തായാലും കഴിക്കണം. എനിക്കതിൽ നിർബന്ധമുണ്ട്. കല്യാണം കഴിക്കാൻ ഭയങ്കര ഇഷ്ടമാണ്. കൂടെ എന്റെയൊരാൾ വേണം. കല്യാണത്തെ എതിർക്കുകയോ പേടിക്കുകയോ ചെയ്യുന്ന ആളല്ല ഞാൻ. കല്യാണത്തിന് പേടിയാണെന്ന് എന്റെ സുഹൃത്തുക്കളൊക്കെ പറയും. പക്ഷെ എനിക്കൊരു പേടിയുമില്ല.
കല്യാണത്തിന്റെ കാര്യങ്ങൾ നടക്കുന്നുണ്ട്. അറേഞ്ച്ഡ് മാര്യേജ് അല്ല. ലൗ മാര്യേജ് ആണ്. ലിവിംഗ് ടുഗെദറിനോട് താൽപര്യമില്ല. എനിക്ക് എന്റെ അച്ഛനും അമ്മയും കല്യാണം കഴിച്ചത് പോലെ തന്നെ ചെയ്യണം. എന്റെ അമ്മൂമ്മ കല്യാണം കഴിച്ച രീതി അടിപൊളിയാണ്.
രാത്രി കാലങ്ങളിലായിരിക്കും. ചെക്കൻ അക്കരെയായിരിക്കും. അപ്പൂപ്പൻ പുഴ കടന്ന് വരുമ്പോൾ അമ്മൂമ്മ നിലവിളക്ക് പിടിച്ച് കാത്തിരുന്നു. പണ്ട് നായർ തറവാടുകളിൽ അങ്ങനെയാണ് വിവാഹം നടന്നിരുന്നത്. ഇപ്പോൾ അങ്ങനെ വിവാഹമില്ല. ഈ രീതിയിൽ വിവാഹം ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ടെന്ന് സ്വാസിക.
ഷൈൻ ടോം ചാക്കോയുടെ ‘വിവേകാനന്ദൻ വൈറലാണ്’ ഇനി പുറത്തിറങ്ങാനുള്ള സ്വാസികയുടെ ചിത്രം. കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികമാരിൽ ഒരാളാണ് താരം.