ചെറുതോണി: തടഞ്ഞുവച്ച ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് പോലീസ് സഹകരണ സംഘത്തിനു മുമ്പിൽ സർവീസിൽനിന്നു വിരമിച്ച എസ്ഐ നിരാഹാരസമരം ആരംഭിച്ചു.
കഴിഞ്ഞ 31ന് മറയൂരിൽനിന്ന് വിരമിച്ച എസ്ഐ അടിമാലി വള്ളപ്പടി സ്വദേശി പുളിയാങ്കൽ അശോക് കുമാറാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്.
വിരമിച്ചപ്പോൾ കിട്ടേണ്ട ആനുകൂല്യങ്ങളൊന്നും കിട്ടിയില്ലെന്ന് അശോക് കുമാർ പറയുന്നു. 2019 ൽ അശോക് കുമാറിന്റെ ജാമ്യത്തിൽ മൂന്ന് വനിതാ പോലീസുകാർ പോലീസ് സഹകരണ സംഘത്തിൽനിന്ന് അഞ്ചു ലക്ഷം രൂപവീതം വായ്പയെടുത്തിരുന്നു.
ഓവർ ഡ്രാഫ്റ്റായിട്ടാണ് വായ്പയെടുത്തത്. ഒരു രൂപ പോലും വനിതാ പോലീസുദ്യോഗസ്ഥർ തിരിച്ചടച്ചില്ല. ഇതാണ് ജാമ്യക്കാരന്റെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കാൻ കാരണമായി പറയുന്നത്.
എന്നാൽ അശോക് കുമാർ പറയുന്നത് ഇങ്ങനെ: 2019 ലാണ് താൻ ജാമ്യം നിന്ന് വനിതാ പോലീസുകാർ വായ്പയെടുക്കുന്നത്. ഇപ്പോൾ 5 വർഷത്തോളമായി.
നിയമപ്രകാരം വായ്പയെടുത്ത് ഒരു വർഷമായിട്ടും തവണത്തുക അടയ്ക്കാതെവന്നപ്പോൾ വായ്പയെടുത്തവർക്കും ജാമ്യക്കാരനായ തനിക്കും നോട്ടീസയയ്ക്കണം.
അഞ്ചു വർഷമായിട്ടും ഇതു ചെയ്തിട്ടില്ല. റിട്ടയർ ചെയ്യുന്നതിനു തൊട്ടു മുൻപാണ് വായ്പയെടുത്തവർ തുക തിരികെ അടച്ചിട്ടില്ലെന്ന വിവരം തന്നെ അറിയിക്കുന്നത്.
മാത്രവുമല്ല, ഇക്കാരണത്താൽ ഷെയറും ബാധ്യതാ സർട്ടിഫിക്കറ്റും നൽകിയില്ല. ഇരുപതു വർഷത്തോളം സർവീസ് ബാക്കി നിൽക്കുന്ന വനിതാ പോലീസുകാരിൽനിന്ന് വായ്പത്തുക ഈടാക്കേണ്ടതിനു പകരം വായ്പയെടുത്തു നാലുവർഷം കഴിഞ്ഞപ്പോൾ തന്റെ ആനുകൂല്യം തടഞ്ഞുവയ്ക്കുന്നത് അന്യായമാണെന്നും അശോക് കുമാർ പറയുന്നു.
പോലീസ് സഹകരണ സംഘത്തിലെ അഴിമതികൾ അന്വേഷിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. തനിക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ലഭിക്കുംവരെ പോലീസ് സഹകരണ സംഘത്തിന് മുന്നിൽ നിരാഹാരസമരം നടത്തുമെന്ന് ഇദ്ദേഹം പറഞ്ഞു.