‘ഒരു മുദ്രാവാക്യക്കവിത’ കൃഷ്ണകുമാറിനെതിരേ മാത്രമല്ല, എനിക്കും എതിരേയാണ് എന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാക്കുകൾക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. അദ്ദേഹത്തിന്റെ മുദ്രാവാക്യത്തോട് യോജിക്കുന്നില്ലെങ്കിലും ഈ വിശദീകരണത്തോട് പൂർണമായും യോജിക്കുന്നു. സ്വയം വിമർശനത്തോളം വലുത് വേറൊന്നുമില്ല എന്ന് ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
‘പല പുസ്തകത്തിലും നിന്നെ കുറിച്ചുളള പരാമാർത്ഥമേ ഞാൻ തിരഞ്ഞു…ഒരു പുസ്തകത്തിലും നിന്റെയി ഗൂഡമാം ചിരിയുടെ പൊരുൾമാത്രമില്ല’..എന്നെഴുതിയ ബാലേട്ടന്റെ മുദ്രാവാക്യത്തോട് യോജിക്കുന്നില്ലെങ്കിലും ഈ വിശദീകരണത്തോട് പൂർണമായും യോജിക്കുന്നു…സ്വയം വിമർശനത്തോളം വലുത് വേറൊന്നുമില്ല…ബാലേട്ടാ സ്നേഹ സലാം..
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ വാക്കുകൾ…
‘ഒരു മുദ്രാവാക്യക്കവിത’യിൽ ഞാൻ കൃഷ്ണകുമാറിന്റെ പേര് എന്തുകൊണ്ടു പരാമർശിച്ചില്ല എന്ന് പലരും ചോദിച്ചു. ആ കവിത കൃഷ്ണകുമാറിനെതിരേ മാത്രമല്ല. എനിക്കെതിരേ കൂടിയാണ്. ചെറുപ്പകാലത്ത് കൃഷ്ണകുമാറിന്റെ മനോഭാവത്തോടെയാണ് ഞാനും അത്തരം രംഗങ്ങൾ കണ്ടിട്ടുള്ളത്.
പരമ ദരിദ്രരായ മനുഷ്യർ എന്റെ കുട്ടിക്കാലത്തുണ്ടായിരുന്നു. അവർ മണ്ണിലെ കുഴിയിൽ ഇലവെച്ച് ഭക്ഷണം കഴിക്കുമ്പോൾ കുഞ്ഞാമൻസാർ ആത്മകഥയിൽ പറഞ്ഞതുപോലെ നായ്ക്കൾക്കൊപ്പമാണ് ഭൂവുടമകൾ അവരെ കണ്ടിരുന്നത്.
അധികമൊന്നുമില്ലെങ്കിലും കുറച്ചു കൃഷിയും ഭൂമിയും ഉണ്ടായിരുന്ന ഒരു വീട്ടിൽ ജനിച്ച ഞാനും ആ മനോഭാവത്തിൽ പങ്കുപറ്റിയിട്ടുണ്ടെന്ന് വലിയ കുറ്റബോധത്തോടെ പറയട്ടെ. അത് സാമൂഹ്യമായ വലിയൊരു കുറ്റകൃത്യമായിരുന്നു എന്ന് അന്ന് അറിയില്ലായിരുന്നു.
കുറ്റകരമായ ആ മനോഭാവത്തിന്റെ പേരിൽ ഇന്നു ഞാൻ സമൂഹത്തോടു നിരുപാധികം മാപ്പുചോദിക്കുന്നു. രാഷ്ട്രീയമായി ശരിയല്ലാത്തതും പഴയ കാലത്തിന്റെ അവശിഷ്ടവുമായ ഒരുപാടു പിഴകൾ ഇന്നും എന്റെ മനസ്സിലും വാക്കിലും എഴുത്തിലും ഉണ്ടാവും. അതിന്റെ പേരിൽ ഞാൻ രൂക്ഷമായി വിമർശിക്കപ്പെടാറുമുണ്ട്.
ആ വിമർശനങ്ങൾ ഞാൻ ശിരസു കുനിച്ച് സ്വീകരിച്ചുപോരുന്നു. കഴിവുപോലെ സ്വയം തിരുത്താൻ ശ്രമിക്കുന്നു. അത്തരം പിഴകളുടെ പേരിൽ സമൂഹത്തോടു നിരുപാധികം മാപ്പുചോദിക്കുന്നു. അതിനാൽ, ‘ഒരു മുദ്രാവാക്യക്കവിത’ കൃഷ്ണകുമാറിനെതിരേ മാത്രമല്ല, എനിക്കും എതിരേയാണ്. ബാലചന്ദ്രൻ ചുള്ളിക്കാട്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.