പടന്ന (കാസർഗോഡ്): പടന്ന ടൗണിലെ വിവിധ ഭാഗങ്ങളിലുണ്ടായ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒന്നര വയസുള്ള പിഞ്ചുകുഞ്ഞുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.
വടക്കെപ്പുറത്തെ ഇലവൻ സ്റ്റാർ ക്ലബ് പരിസരത്തെ പെയിന്റിംഗ് തൊഴിലാളി പി.സുലൈമാൻ-വി.പി.ഫെബീന ദമ്പതികളുടെ മകൻ ബഷീർ (ഒന്നര), എ.വി. മിസ്രിയ (48), കാന്തിലോട്ട് ഓടത്തിൽ രതീഷിന്റെ മകൻ ഗന്ധർവ്(ഒമ്പത്), ഷൈജു- മിനി ദമ്പതികളുടെ മകൻ നിഹാൻ (ആറ്) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
തലയ്ക്കും കൈക്കും കഴുത്തിനും മറ്റും പരിക്കേറ്റ പിഞ്ചുകുഞ്ഞ് ബഷീർ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവർ കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
വീട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികൾക്കാണ് ആദ്യം തെരുവുനായയുടെ കടിയേറ്റത്. പിഞ്ചുകുഞ്ഞിനെ നായ കടിച്ചുവലിച്ചു കൊണ്ടുപോകുന്നത് തടയാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും കൂടുതൽ നായ്ക്കളെത്തിയതോടെ രക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലായി. പിന്നീട് നാട്ടുകാർ കൂട്ടത്തോടെ എത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്.