ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലുള്ള ഭീകരപ്രവർത്തന കേന്ദ്രങ്ങളിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. ആക്രമണത്തിൽ രണ്ടു കുട്ടികൾ കൊല്ലപ്പെട്ടു. ഭീകര സംഘടനയായ ജെയ്ഷ് അൽ അദലിന്റെ രണ്ടു താവളങ്ങളിലാണ് മിസൈൽ പതിച്ചത്.
ആക്രമണം ഇറാനിയൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. നേരത്തെ പാക്ക്-ഇറാൻ അതിർത്തിപ്രദേശങ്ങളിലെ ഇറാനിയൻ സൈനികർക്കുനേരേ ഭീകരസംഘടനകൾ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇതാണ് ഇറാനെ പ്രകോപിപ്പിച്ചത്. ഇറാന്റെ അർധസൈനിക വിഭാഗമായ റെവലൂഷ്യണറി ഗാർഡിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം.
2012 ൽ രൂപീകരിച്ച സുന്നി ഭീകരവാദ സംഘടനയാണ് ജെയ്ഷ് അൽ ആദുൽ. പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലും ഇറാന്റെ സിസ്റ്റാനിലുമായാണ് സംഘടന പ്രവർത്തിക്കുന്നത്. ഷിയാ മുസ്ലിം രാജ്യമായ ഇറാനെതിരേ പോരാടി മേഖലയിൽ സുന്നി സ്വയംഭരണ മേഖല സ്ഥാപിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം.
അതേസമയം, ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെ അപലപിച്ച് പാക്കിസ്ഥാൻ രംഗത്തെത്തി. സംഭവത്തിൽ ഇറാൻ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് പാക്ക് ഭരണകൂടത്തിന്റെ മുന്നറിയിപ്പ്.