അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഒന്നാം ഇന്നിംഗ്സിൽ 188 റൺസിനു പുറത്തായി. അർധ സെഞ്ചുറി (50) നേടിയ കിർക് മക്കെൻസി മാത്രമേ സന്ദർശകനിരയിൽ പൊരുതാൻ മനസ് കാണിച്ചുള്ളൂ. നാലുവിക്കറ്റ് വീതം വീഴ്ത്തിയ നായകൻ പാറ്റ് കമ്മിൻസും ജോഷ് ഹേസിൽവുഡുമാണ് വിൻഡീസ് ബാറ്റിംഗിന്റെ നട്ടെല്ലൊടിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസിന് 27 റൺസെടുക്കുന്നതിനിടെ ഓപ്പണർമാരായ ക്രെയ്ഗ് ബ്രാത്വെയ്റ്റിനെയും (13) ടഗ്നരെയ്ൻ ചന്ദർപോളിനെയും (ആറ്) നഷ്ടമായി. പാറ്റ് കമ്മിൻസാണ് ഇരുവരെയും പുറത്താക്കിയത്. പിന്നാലെയെത്തിയ മക്കൻസി ക്രീസിൽ പിടിച്ചുനിന്നെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു.
അലിക് അത്തനാസെ (13), കവെം ഹോഡ്ജ് (12), ജസ്റ്റിൻ ഗ്രീവ്സ് (അഞ്ച്), ജോഷ്വ ഡ സിൽവ (ആറ്), അൽസാരി ജോസഫ് (14), ഗുഡാകേഷ് മോട്ടി (ഒന്ന്), ഷമാർ ജോസഫ് (36) എന്നിവർക്ക് കാര്യമായ സംഭാവന നല്കാനായില്ല. കെമർ റോച്ച് 17 റൺസുമായി പുറത്താകാതെ നിന്നു.
കമ്മിൻസ് 17 ഓവറിൽ 41 റൺസ് മാത്രം വിട്ടുകൊടുത്താണ് നാലുവിക്കറ്റ് വീഴ്ത്തിയത്. ജോഷ് ഹേസിൽവുഡ് 15 ഓവറിൽ 44 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. മിച്ചൽ സ്റ്റാർക്ക്, നഥാൻ ലയൺ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തം പേരിൽ കുറിച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളിനിർത്തുമ്പോൾ 59/2 എന്ന നിലയിലാണ്. ഡേവിഡ് വാർണർ വിരമിച്ച ഒഴിവിൽ ഓപ്പണറായി പ്രമോഷൻ ലഭിച്ച സ്റ്റീവ് സ്മിത്ത് (12), മാർനസ് ലബുഷെയ്ൻ (10) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.
ഷമാർ ജോസഫാണ് രണ്ട് വിക്കറ്റുകളും നേടിയത്. 30 റൺസ് നേടിയ ഉസ്മാൻ കവാജയ്ക്കൊപ്പം ആറ് റൺസുമായി കാമറൂൺ ഗ്രീൻ ക്രീസിലുണ്ട്.