തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് നാല് കേസുകളിലും ജാമ്യം. ഡിജിപി ഓഫീസ് മാര്‍ച്ച് കേസിൽ തിരുവനന്തപുരം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് തന്നെ രാഹുൽ ജയില്‍ മോചിതനാകും.
സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമ കേസിലും രാഹുലിന് ഇന്ന് ജാമ്യം ലഭിച്ചിരുന്നു. പോലീസുകാരെ ആക്രമിച്ചു എന്നതടക്കമുള്ള ഗുരുതരവകുപ്പുകള്‍ ചുമത്തിയിരുന്ന കേസിലാണ് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. പൊതുമുതല്‍ നശിപ്പിച്ചതിന് കോടതി പറഞ്ഞ തുക കെട്ടിവയ്ക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
രണ്ട് മാര്ച്ചുകളിലായി നാല് കേസുകളാണ് രാഹുലിനെതിരേ രജിസ്റ്റര്‍ ചെയ്തിരുന്നത്. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിലെ രണ്ട് കേസുകളില്‍ ചൊവ്വാഴ്ച ജാമ്യം ലഭിച്ചിരുന്നു.
കഴിഞ്ഞ ജനുവരി 9ന് പത്തനംതിട്ടയിലെ വീട്ടില്‍നിന്ന് അറസ്റ്റിലായ രാഹുൽ നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ്. വീട് വളഞ്ഞുള്ള അറസ്റ്റിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.