മൂവാറ്റുപുഴ: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയെടുത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചോലയ്ക്കര ഏറന്തൊടി മുഹമ്മദ് അഷ്റഫി(49)നെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഐഡിബിഐ ബാങ്കിന്റെ മൂവാറ്റുപുഴ ശാഖയിൽ 96 ഗ്രാം തൂക്കം വരുന്ന 12 മുക്കുപണ്ട വളകൾ പണയം വച്ച് 3,85,000 രൂപയാണ് തട്ടിയെടുത്തത്.
പെരുമ്പാവൂരിൽ തടിക്കച്ചവടത്തിന്റെ ഏജന്റാണ് ഇയാൾ. മലപ്പുറം, മഞ്ചേരി, തൊടുപുഴ, വടക്കാഞ്ചേരി സ്റ്റേഷനുകളിലായി സമാനസ്വഭാവമുള്ള 13 കേസുകൾ മുഹമ്മദ് അഷറഫിനെതിരെയുണ്ട്. പ്രതിയെ ബാങ്കിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇൻസ്പെക്ടർ പി.എം. ബൈജു, എസ്ഐ മാഹിൻ സലിം, എഎസ്ഐ പി.എസ്. ജോജി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.