പാപ് സ്മിയർ ടെസ്റ്റ്
30 -60 വയസ്സ് വരെയുള്ള സ്ത്രീകൾ 3 വർഷം കൂടുമ്പോൾ പാപ് സ്മിയർ ടെസ്റ്റ് ചെയ്യേണ്ടതാണ്. കാൻസറിന്റെ മുന്നോടിയായി ഗർഭാശയഗളത്തിൽ കോശവികാസങ്ങളോ വ്യതിയാനങ്ങളോ സംഭവിക്കാം. പാപ് ടെസ്റ്റിലൂടെ 10, 15 വർഷം മുമ്പുതന്നെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താം.
ഗർഭാശയത്തിൽ നിന്ന് കൊഴിഞ്ഞു വീഴുന്ന കോശങ്ങൾ സ്പാച്ചുല എന്നൊരു ഉപകരണം കൊണ്ട് ശേഖരിച്ച് ഒരു ഗ്ലാസ് സ്ലൈഡിൽ പരത്തി കെമിക്കൽ റീ ഏജന്റുകൾ കൊണ്ട് നിറം നൽകി മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച് മാറ്റങ്ങൾ കണ്ടു പിടിക്കുന്ന പ്രക്രിയയാണ് പാപ് സ്മിയർ ടെസ്റ്റ്.
വേദനാ രഹിതമായ ഈ ടെസ്റ്റ് ഒരു മിനിറ്റ് കൊണ്ട് കഴിയുന്നതും ചെലവുകുറഞ്ഞതുമാണ്. 10 വർഷം കഴിഞ്ഞ് കാൻസർ വരാൻ സാധ്യതയുണ്ടെങ്കിൽ ഇതിലൂടെ മനസിലാക്കി ചികിൽസ ലഭ്യമാക്കാം. പല ഗുഹ്യ രോഗങ്ങളും അണുക്കൾ പരത്തുന്ന രോഗങ്ങളും ട്യൂമറുകളും ഈ ടെസ്റ്റിലൂടെ കണ്ടുപിടിച്ചു ചികിത്സിക്കാൻ കഴിയും.
എച്ച്പിവി ഡിഎൻഎ ടെസ്റ്റിംഗ്
(HPV DNA TESTING)
എച്ച്പിവി ഡിഎൻഎ ടെസ്റ്റ് 30 വയസുകഴിഞ്ഞാൽ ചെയ്യാം. ഗർഭാശയമുഖത്തു നിന്നുള്ള കോശങ്ങളിലാണ് ഇതും ചെയ്യുന്നത്.
പാപ് സ്മിയർ ടെസ്റ്റിനെ അപേക്ഷിച്ചു നോക്കുമ്പോൾ കുറച്ചുകൂടി കൃത്യത കൂടിയ ടെസ്റ്റാണിത്.
ലിക്വിഡ് ബേസ്ഡ് സൈറ്റോളജി (LIQUID BASED CYTOLOGY)
കാൻസർ കണ്ടെത്തുന്നതിനുള്ള വേറൊരു പ്രക്രിയയയാണിത്. ഗർഭാശയമുഖത്തു നിന്ന് കൂടുതൽ കൃത്യതയോടെ കോശങ്ങൾ ശേഖരിക്കാനും സ്ലൈഡുകൾ തയാറാക്കാനും ഇതിലൂടെ സാധിക്കുന്നു.
കോൾപോസ്കോപ്പി (COLPOSCOPY)
രോഗലക്ഷണങ്ങൾ ഉണ്ടോ എന്ന് നോക്കാൻ സെർവിക്സ്, യോനി എന്നിവ സൂക്ഷ്മമായി പരിശോധിക്കുന്നതിനുള്ള ഒരു പ്രക്രിയയാണ് കോൾപോസ്കോപ്പി. കോൾപോസ്കോപ്പി സമയത്ത്, ഡോക്ടർ കോൾപോസ്കോപ്പ് എന്ന പ്രത്യേക ഉപകരണം ഉപയോഗിക്കുന്നു.
പാപ് സ്മിയർ പരിശോധനാ ഫലം അസാധാരണമാണെങ്കിലാണ് കോൾപോസ്കോപ്പി ചെയ്യാറുള്ളത്. ഈ ഉപകരണത്തിലൂടെ ഗർഭാശയമുഖം പതിന്മടങ്ങു വലുപ്പത്തിൽ കാണാനും ആവശ്യമെങ്കിൽ ബയോപ്സി എടുക്കാനും സാധിക്കും . (തുടരും)
വിവരങ്ങൾ: ഡോ. ദീപ്തി ടി. ആർ.
സ്പെഷലിസ്റ്റ് ഇൻ ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ, ഓൺക്യൂർ പ്രിവന്റീവ് ആൻഡ് ഹെൽത്ത് കെയർ സെന്റർ, കണ്ണൂർ.
ഫോൺ – 6238265965