തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ ബംഗളൂരുവിലെ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കന്പനി നടത്തിയ കൂടുതൽ ക്രമക്കേടുകൾ വെളിപ്പെടുത്തി രജിസ്ട്രാർ ഓഫ് കന്പനീസ്(ആർഒസി). എക്സാലോജിക് കന്പനി മരവിപ്പിക്കാൻ നൽകിയ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉണ്ടെന്നാണു കണ്ടെത്തൽ.
രണ്ടുവർഷം വരെ ഇടപാടുകൾ ഒന്നും നടത്താത്ത കന്പനികൾക്കാണ് കന്പനി മരവിപ്പിക്കാൻ അപേക്ഷ നൽകാൻ യോഗ്യതയുള്ളത്. എന്നാൽ ഒരു വർഷം മുൻപ് വരെ ഇടപാട് നടന്നിരിക്കെയാണ് കന്പനി മരവിപ്പിക്കാൻ വീണാ വിജയൻ അപേക്ഷ സമർപ്പിച്ചത്. 2021 മേയ് മാസത്തിൽ ഈ കന്പനി ഇടപാടുകൾ നടത്തിയിരുന്നുവെന്നു ബംഗളൂരു വിലെ ആർഒസി കണ്ടെത്തി.
2021ൽ കന്പനീസ് ആക്ട് പ്രകാരമുള്ള ചില കാര്യങ്ങൾക്ക് എക്സാലോജിക്കിന്റെ കന്പനി ഡയറക്ടർക്ക് ഉൾപ്പെടെ ആർഒസിനോട്ടീസ് അയച്ചിരുന്നു. ഇത്തരത്തിൽ നോട്ടീസ് ലഭിച്ചാൽ അത് തീർപ്പാക്കാതെയും നികുതി കുടിശികയുള്ളവർക്കും മരവിപ്പിക്കലിന് അപേക്ഷിക്കാൻ വ്യവസ്ഥയില്ല.
നോട്ടീസ് അയച്ച കാര്യം മറച്ച് വച്ചാണ് 2022 ൽ കന്പനി മരവിപ്പിക്കാൻ വീണ അപേക്ഷ നൽകിയതെന്ന് ആർഒസി റിപ്പോർട്ട് പറയുന്നു.
ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് എക്സാലോജിക്ക് കന്പനി ഉടമ വീണാ വിജയൻ, ചാർട്ടേണ്ട് അക്കൗണ്ടന്റ് എന്നിവർ ഗുരുതരമായ ക്രമക്കേടുകൾ ചെയ്തെന്ന് ആർഒസി കണ്ടെത്തിയത്. സിബിഐ അന്വേഷണമോ ഇഡി അന്വേഷണമോ നടത്താവുന്നതാണെന്നാണ് ആർഒസിയുടെ ശിപാർശ.
എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡും കരിമണൽ കമ്പനിയായ സിഎംആ൪എലും തമ്മിലുള്ള പണമിടപാടിന്റെ രേഖകൾ ഹാജരാക്കാത്ത സാഹചര്യത്തിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം സിബിഐക്ക് വിടണമെന്ന കമ്പനീസ് ഓഫ് രജിസ്ട്രാറിന്റെ റിപ്പോർട്ടിലെ വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡിക്ക് അന്വേഷണം നടത്താമെന്നും റിപ്പോർട്ടിൽ പറയുന്നു.മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, കരിമണൽ കന്പനിയായ സിഎംആർഎലിൽനിന്ന് പണം കൈപ്പറ്റിയത് സേവനത്തിനാണെന്ന് തെളിയിക്കുന്നതിനുള്ള ഒരു രേഖയും ഹാജരാക്കാനായില്ലെന്നാണ് രജിസ്ട്രാർ ഓഫ് കന്പനീസിന്റെ റിപ്പോർട്ടിൽ പറയുന്നത്.