നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക്കുന്ന വടക്കാഞ്ചേരി… അകലെയല്ലാതെ കലകളുടെ മലയാള തറവാട് ആയ കേരള കലാമണ്ഡലം.. മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ച ഭരതൻ എന്ന പ്രിയ സംവിധായകന്റെ എങ്കക്കാട്.. കേരള രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തിയ തെരഞ്ഞെടുപ്പിന്റെ ചരിത്ര ഇടം.. അങ്ങനെ വിശേഷണങ്ങൾ പലതാണ് തൃശൂർ ജില്ലയുടെ വടക്കാഞ്ചേരിക്ക്..
കേരളത്തിലെ മുഴുവൻ മാതൃകയാകുന്ന വിധത്തിൽ വടക്കാഞ്ചേരി ഒരിക്കൽ കൂടി ചരിത്രത്തിലേക്ക് ശ്രദ്ധേയമായ ചുവടുവയ്പ്പ് നടത്തുകയാണ്. പച്ചപ്പട്ടു പുതച്ച പാടശേഖരങ്ങൾ നിരവധിയുണ്ട് വടക്കാഞ്ചേരി ഭാഗത്ത്. അത്തരത്തിലുള്ള പച്ചപ്പ് കാത്തുസൂക്ഷിക്കുന്നതിന്, പ്ലാസ്റ്റിക് കൊണ്ട് പ്രകൃതിയെ ശ്വാസംമുട്ടിക്കാതിരിക്കാൻ, ഒരിക്കലും നശിക്കാതെ മണ്ണിൽ കിടന്ന് അഴുകി ദ്രവിച്ച് തലമുറകൾക്ക് വരെ ദുരന്തമായി മാറുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് അറുതി വരുത്താൻ വടക്കാഞ്ചേരി മുന്നിട്ടിറങ്ങുമ്പോൾ അത് ഇന്നേവരെ കണ്ടിട്ടില്ലാത്ത പുതിയൊരു മാലിന്യ സംസ്കരണ അധ്യായമാണ് കേരളത്തിൽ മുന്നിൽ തുറക്കുന്നത്.
ആഘോഷങ്ങൾക്കും ഉത്സവ പെരുന്നാൾക്കും പഞ്ഞമില്ലാത്ത വള്ളുവനാടിന്റെ ഭാഗമാണ് വടക്കാഞ്ചേരിയും. കേരളത്തിൽ നിന്നു മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തു നിന്നും വടക്കാഞ്ചേരിയിലെ ഉത്സവ ആഘോഷങ്ങളിൽ പങ്കുചേരാൻ നാടും നഗരവും കാടും കടലും കടന്ന് ആൾക്കൂട്ടങ്ങൾ എത്താറുണ്ട്.
പൊയ് കുതിരകളുടെ പടയോട്ടം കാണാൻ മാമാങ്കക്കാലത്തും ഉത്രാളിയുടെ മലനിരകളെ പോലും കോരിത്തരിപ്പിക്കുന്ന ഉത്രാളിക്കാവ് പൂരം കാണാൻ കടലേഴും താണ്ടിയും വടക്കാഞ്ചേരിയിലേക്ക് എത്തുന്നവർ വെറും പൂര പ്രേമികൾ അല്ലെങ്കിൽ ഉത്സവപ്രേമികൾ മാത്രമല്ല. അവർക്ക് ഈ നാട് അവരുടെ ഹൃദയമാണ്.. ആ ഹൃദയത്തുടിപ്പുകൾക്ക് കേടു പറ്റാതിരിക്കാൻ വടക്കാഞ്ചേരിയുടെ ആഘോഷങ്ങൾ ഇനി മുതൽ ഹരിതാഭമായി മാത്രം നടത്താനുള്ള തീരുമാനമാണ് കേരളത്തിലെ മുന്നിൽ വടക്കാഞ്ചേരി ഈ പുതുവർഷത്തിൽ അഭിമാനപൂർവം അവതരിപ്പിക്കുന്ന ഹരിത മാതൃക.
നാടും നഗരവും ഹരിതാഭമാക്കാൻ പദ്ധതികൾ പലരും ആവിഷ്കരിക്കാറുണ്ടെങ്കിലും ഒരു നാടിന്റെ ഉത്സവാഘോഷങ്ങളെ മുഴുവൻ പച്ചപ്പിലേക്ക് പറിച്ചുനടുക എന്ന ശ്രമകരമായ ദൗത്യത്തിനാണ് വടക്കാഞ്ചേരി തുടക്കം കുറിക്കുന്നത്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പൂർണമായും ഒഴിവാക്കിക്കൊണ്ട് വടക്കാഞ്ചേരി നഗരസഭാ പരിധിയിലെ ഉത്സവങ്ങളും പൂരങ്ങളും മറ്റാഘോഷങ്ങളും ഇനി പൂർണ്ണമായും ഹരിതചട്ടം പാലിച്ച് മാത്രമേ നടത്താൻ പാടുള്ളൂ എന്ന നഗരസഭയുടെ ധീരമായ തീരുമാനം ഉത്സവാഘോഷക്കാലത്ത് വടക്കാഞ്ചേരിയുടെ മണ്ണിലും വിണ്ണിലും അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ കുറെയൊക്കെ ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കാം.
വടക്കാഞ്ചേരി നഗരസഭയുടെ സര്‍വശുദ്ധി മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയില്‍ നടക്കുന്ന പൂരങ്ങള്‍, പെരുന്നാളുകള്‍ വിവാഹങ്ങള്‍, മറ്റ് ആഘോഷങ്ങള്‍ എന്നിവ പൂര്‍ണമായും ഹരിത ചട്ടം കര്‍ശനമായി പാലിച്ച് നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിട്ടുള്ളത്. ഹരിത ചട്ടം എന്നത് കടലാസിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും അത് നടപ്പിൽ വരുത്തേണ്ടതാണെന്നുമുള്ള തീരുമാനമാണ് വടക്കാഞ്ചേരിയിൽ കാണുന്നത്.
വടക്കാഞ്ചേരിയിലെ പ്രധാന ആഘോഷങ്ങളായ ഉത്രാളിക്കാവ് പൂരവും മറ്റുപൂരങ്ങളും പെരുന്നാളുകളും ഇനിമുതൽ കര്‍ശനമായ ഹരിത ചട്ടം പാലിച്ചു കൊണ്ടായിരിക്കും നടത്തുക. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കള്‍ തുടങ്ങിയവ പൂര്‍ണമായും ഒഴിവാക്കി മാലിന്യത്തിന്റെ അളവ് പരമാവധി കുറയ്ക്കുന്നതിനും പൂര കമ്മിറ്റികളും പള്ളി ഭാരവാഹികളും പൂര്‍ണ പിന്തുണ അറിയിച്ചു കഴിഞ്ഞു. തങ്ങളുടെ നാടിനെ ഏറ്റവും വൃത്തിയായി സൂക്ഷിക്കുക, മണ്ണും ജലവും വായുവും മലിനമാകാതെ സൂക്ഷിക്കുക, ലോകത്തിനു മുന്നിൽ തലയുയർത്തിപ്പിടിച്ച് മാലിന്യ സംസ്കരണത്തിൽ പുതിയ മാതൃക കാണിച്ചു കൊടുക്കുക എന്നിവയെല്ലാം വടക്കാഞ്ചേരി തുടങ്ങിവയ്ക്കുകയാണ്.
ഹരിത കര്‍മ സേന, സാനിറ്റേഷന്‍ ജീവനക്കാര്‍ തുടങ്ങിയ വിഭാഗങ്ങളുടെ സഹകരണത്തോടെ പൊതു ആഘോഷ പരിപാടികള്‍ക്ക് ശേഷം അതേ ദിവസം തന്നെ പരിപാടി നടന്ന സ്ഥലം നഗരസഭയുടെ നേതൃത്വത്തില്‍ ശുദ്ധീകരണം നടത്താറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ലഭിക്കുന്ന മാലിന്യങ്ങള്‍ പുനചക്രമണയോഗ്യം അല്ലാത്തതും ഒരുതരത്തിലും ശാസ്ത്രീയമായ സംസ്കരണ ഉപാധികള്‍ക്ക് വിധേയമാക്കുവാന്‍ സാധിക്കാത്തതുമാണ്. ഈ സാഹചര്യത്തിലാണ് മാലിന്യങ്ങള്‍ കൃത്യമായി സംസ്കരിക്കുന്നതിനും, ഉദ്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കുന്നതിനായി എല്ലാ പൊതു സ്വകാര്യ ആഘോഷ പരിപാടികളിലും ഹരിത ചട്ടം ഉറപ്പുവരുത്തുന്നതിന് നഗരസഭ ഇടപെട്ടത്.
ആഘോഷ പരിപാടികളുടെ ബാനറുകള്‍ അടിക്കുന്നതു മുതല്‍ കൊടിത്തോരണങ്ങള്‍ അഴിക്കുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും ഹരിത നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തും. എല്ലാവരുടെയും സഹകരണത്തോടെ മാത്രമേ ഈ ഉദ്യമം വിജയത്തിലേക്ക് എത്തുകയുള്ളൂ. ആഘോഷ കമ്മിറ്റിക്കാരെല്ലാം ഈ ദൗത്യത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ചതോടെ വടക്കാഞ്ചേരി ആരംഭിക്കുന്ന നന്മ നിറഞ്ഞ ഈ ദൗത്യം വിജയത്തിലേക്ക് എത്തുമെന്ന് പകുതി ഉറപ്പായിക്കഴിഞ്ഞു.
ഇനി മുതല്‍ നഗരസഭയില്‍ നടത്തപ്പെടുന്ന വിവാഹങ്ങളും മറ്റും ആഘോഷങ്ങളും നഗരസഭയെ മുന്‍കൂട്ടി അറിയിച്ച് അനുമതി വാങ്ങണം. ഹരിതചട്ടം പാലിക്കണമെന്ന് പലതവണ ബോധവൽക്കരണ പരിപാടികൾ നടത്തിയിട്ടും അത് അനുസരിക്കാത്തവരും കുറവല്ല. അതുകൊണ്ടുതന്നെ ഹരിത ചട്ടം പാലിക്കാത്തവര്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
നഗരസഭ ചെയര്മാന് പി.എന്‍ സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നഗരസഭ കൗണ്‍സില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ പൂരം, പള്ളി കമ്മിറ്റി ഭാരവാഹികള്‍, ഓഡിറ്റോറിയം ഉടമകള്‍, ജനപ്രതിനിധികള്‍ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. വളരെ ആവേശത്തോടെയാണ് എല്ലാവരും വടക്കാഞ്ചേരിയുടെ ആഘോഷങ്ങളെ ഹരിതാഭം ആക്കാനുള്ള നിർദ്ദേശങ്ങളെ സ്വാഗതം ചെയ്തത്.
വടക്കാഞ്ചേരിയെ ഇപ്പോഴുള്ളതിനേക്കാൾ ഭംഗിയുള്ളതാക്കാൻ, നിള മലിനമാകാതെ തെളിഞ്ഞൊഴുകാൻ, മച്ചാട് മലകളിൽ നിന്ന് വീശിയെത്തുന്ന കാറ്റിൽ നാടിന്റെ ദുർഗന്ധം കലരാതിരിക്കാൻ…. വടക്കാഞ്ചേരി ഒരുങ്ങുകയാണ്. പൂരവും പെരുന്നാളും ഉത്സവങ്ങളും ആഘോഷിക്കാൻ നാടും നഗരവും കടലും താണ്ടിയെത്തുന്നവർ ഓർക്കുക… നിങ്ങൾ കൂടി വിചാരിച്ചാലെ വടക്കാഞ്ചേരി കൂടുതൽ സുന്ദരമാകുകയുള്ളൂ..
ഋഷി