തിരുവനന്തപുരം: സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്നവരിൽ മഹാഭൂരിപക്ഷവും പുരുഷന്മാർ. പതിനെട്ടു മുതൽ 45 വരെ പ്രായമുള്ളവരിൽ അഞ്ചു വർഷത്തിനിടെ നടന്ന ആത്മഹത്യകൾ പഠനവിധേയമാക്കിയതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കേരള സംസ്ഥാന യുവജന കമ്മീഷനാണ് പഠനം നടത്തിയത്.
ആത്മഹത്യ ചെയ്തവരിൽ 79.6 ശതമാനവും പുരുഷന്മാരായിരുന്നു. സ്ത്രീകൾ 20.4 ശതമാനം. പുരുഷന്മാരിൽ 84.5 ശതമാനവും 31 നും 35 നുമിടയിൽ പ്രായമുള്ളവരായിരുന്നു. എന്നാൽ സ്ത്രീകളിൽ 39.7 ശതമാനവും 18-20 പ്രായത്തിൽ പെട്ടവരാണ്. താഴ്ന്ന വിദ്യാഭ്യാസമുള്ളവർക്കിടയിലാണ് ആത്മഹത്യ കൂടുതലായി കണ്ടത്. തൊഴിൽരഹിതരേക്കാൾ തൊഴിൽ ചെയ്യുന്നവരാണ് കൂടുതൽ ആത്മഹത്യ ചെയ്തത്. ഇവരിൽ 60 ശതമാനവും അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരായിരുന്നു.
രാജ്യത്ത് ആത്മഹത്യകൾ കൂടുതലും വിവാഹിതരായവർക്കിടയിലാണെങ്കിൽ കേരളത്തിൽ അവിവാഹിതരായ യുവാക്കളാണ് ആത്മഹത്യ ചെയ്തവരിൽ 54.6 ശതമാനവും. ഒബിസി വിഭാഗത്തിനിടയിലാണ് ആത്മഹത്യ കൂടുതലായി കണ്ടത്-52.9 ശതമാനം. പട്ടികജാതി, പട്ടികവിഭാഗക്കാർ 23.8 ശതമാനവും ജനറൽ വിഭാഗത്തിൽ പെട്ടവർ 23.4 ശതമാനവും വരും.
ആത്മഹത്യ ചെയ്ത വ്യക്തികളിൽ നല്ലൊരു വിഭാഗത്തിനും അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ പോലുള്ളവർ ആത്മഹത്യ ചെയ്ത ചരിത്രമുണ്ട്. സാന്പത്തിക പ്രതിസന്ധി ആത്മഹത്യക്ക് ഒരു പരിധി വരെ കാരണമായതായി വ്യക്തമായി.
ആത്മഹത്യ ചെയ്തവരിൽ ഭൂരിഭാഗവും മദ്യം (39.2%), നിയമവിരുദ്ധമായ മയക്കുമരുന്ന് (12.2%), മയക്കുമരുന്നു പദാർഥങ്ങൾ (3.1%), മറ്റു വസ്തുക്കൾ (45.5%) എന്നിവയോട് ആസക്തിയുള്ളവരായിരുന്നു. ആത്മഹത്യ ചെയ്തവരുടെ ഉറ്റവരിൽ ഭൂരിഭാഗവും ചൂണ്ടിക്കാണിക്കുന്നത് ആത്മഹത്യയുടെ ഭാഗമായുണ്ടായ വൈകാരിക ക്ലേശമാണ് കുടുംബത്തെ ഏറ്റവും കൂടുതലായി ബാധിക്കുന്നതെന്നാണ്. പിന്തുണയുടെ അഭാവവും സാന്പത്തിക പ്രതിസന്ധിയും ഇതിനു തൊട്ടു പിന്നിലുണ്ട്.
യുവാക്കൾക്കിടയിൽ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ നവംബർ 20 നാണ് യുവജന കമ്മീഷന്റെ ആഭിമുഖ്യത്തിൽ സമഗ്ര പഠനം ആരംഭിച്ചതെന്ന് കമ്മീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു.