അന്നപൂരണി സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ക്ഷമ ചോദിച്ച് നയൻതാര. ആരുടേയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലന്നും താൻ തികഞ്ഞ ദൈവവിശ്വാസിയാണെന്നും താരം പറഞ്ഞു.
പോസിറ്റീവ് സന്ദേശം സിനിമയിലൂടെ നൽകാനാണ് ശ്രമിച്ചത്. ഒടിടിയിൽ സെൻസർ ബോർഡ് അനുമതിയുള്ള ചിത്രമെത്തുമ്പോൾ വിവാദമാകുമെന്ന് കരുതിയില്ലെന്നും നയൻതാര പറഞ്ഞു. സോഷ്യൽ മീഡിയയിൽ ജയ് ശ്രീ റാം എന്ന തലക്കെട്ടോടെയായിരുന്നു നയൻതാരയുടെ പോസ്റ്റ്. തമിഴിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലും കുറിപ്പുണ്ട്.
നയൻതാരയ്ക്കെതിരെയും നെറ്റ്ഫ്ലിക്സ് അധികൃതർക്കെതിരെയും മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നേരത്തെ കേസെടുത്തിരുന്നു. മധ്യപ്രദേശിലാണ് നെറ്റ്ഫ്ലിക്സിലെ അന്നപൂരണി എന്ന സിനിമയുമായി ബന്ധപ്പെട്ട് കേസ്. ഹിന്ദു സംഘടനകളാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് പരാതി നൽകിയത്.
പിന്നാലെ വിവാദം ഉയർന്നുവന്ന സാഹചര്യത്തിൽ ഈ തമിഴ് സിനിമ നെറ്റ് ഫ്ലിക്സിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു ചിത്രത്തിനെതിരേ നടപടി സ്വീകരിച്ചത്. നിലേഷ് കൃഷ്ണ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്റ് ആര്‍ട്സും ചേര്‍ന്നാണ് നിര്‍വഹിച്ചത്.
ചിത്രത്തിൽ നയൻതാര ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജനെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പാചകവിദഗ്ധയാവാൻ ശ്രമിക്കുന്ന അന്നപൂരണിക്ക് സസ്യേതര വിഭങ്ങൾ പാകം ചെയ്യുന്നതിൽ പ്രതിസന്ധികൾ നേരിടേണ്ടി വരുന്നുണ്ട്. ജയ് അവതരിപ്പിക്കുന്ന ഫർഹാൻ എന്ന കഥാപാത്രമാണ് നായകനായി ചിത്രത്തിലെത്തുന്നത്.