ലക്നോ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ജനുവരി 22ന് മാംസം വിൽക്കുന്ന കടകൾ അടച്ചിടാൻ ഉത്തരവിട്ട് യുപി സർക്കാർ. യുപി ചീഫ് സെക്രട്ടറിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത്. പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ഉത്തരവ്.
ജില്ലാ മജിസ്ട്രേറ്റുമാർക്ക് ചീഫ് സെക്രട്ടറി ഡി.എസ്. മിശ്ര ഉത്തരവ് കൈമാറി. ജനുവരി 22മുതൽ 26വരെ ക്ഷേത്രങ്ങളും സർക്കാർ കെട്ടിടങ്ങളും ദീപാലംകൃതമാക്കണമെന്നും നിർദേശമുണ്ട്. ഈ നിർദേശം കർശനമായി പാലിക്കണമെന്നും മിശ്ര പറഞ്ഞു.
സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ നിന്നും അയോധ്യയിലേക്ക് ഗ്രീൻ കോറിഡോറുകൾ നിർമിക്കണമെന്നും വഴിയോരങ്ങളിൽ അനധികൃതമായ നിർമാണം കാരണം തടസം നേരിടുന്നുണ്ടെങ്കിൽ അവ നീക്കണമെന്നും യുപി ചീഫ് സെക്രട്ടറി നിർദേശിച്ചു.
ജനുവരി 22ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ ചൊവ്വാഴ്ച മുതൽ അയോധ്യയിൽ ആരംഭിച്ചു.