“പിങ്ക് നിറത്തിൽ മിന്നിമറയുന്ന വൃത്തംപോലെ തോന്നിക്കുന്ന വിചിത്രമായ രൂപമുള്ള പറക്കുന്ന വസ്തുവായിരുന്നു അത്…’ ഹംഗേറിയൻ വിമാനക്കമ്പനിയായ വിസ് എയറിലെ ഫ്ളൈറ്റ് അറ്റൻഡന്റ് ഡെനിസ തനാസെ എന്ന യുവതി വീഡിയോ സഹിതം പങ്കുവച്ച അനുഭവം കേട്ട് ലോകം ജിജ്ഞാസയുടെ മുൾമുനയിലായി.
ഈ മാസം പോളണ്ടിലെ ലൂട്ടണിൽനിന്നു സിസ്മാനിയിലേക്കുള്ള പറക്കലിനിടെയാണ് അന്യഗ്രഹ ബഹിരാകാശ പേടകമെന്നു സംശയിക്കുന്ന വീഡിയോ തനാസെ ചിത്രീകരിക്കുന്നത്. “അജ്ഞാത’ വസ്തുവിനു വിചിത്രമായ ആകൃതിയാണുണ്ടായിരുന്നത്. മാത്രമല്ല, പിങ്ക് പ്രകാശത്തിൽ മിന്നുന്നുമുണ്ടായിരുന്നു.
വിമാനയാത്രയ്ക്കിടെ രാത്രിയാണു ജാലകത്തിലൂടെ വിചിത്രമായ കാഴ്ച അവർ കണ്ടത്. ഉടൻതന്നെ ഡെനിസ അത് തന്റെ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു.
വിമാനത്തിന്റെ ജാലകത്തിൽ പതിഞ്ഞ തനാസെയുടെ പിങ്ക് നിറത്തിലുള്ള യൂണിഫോമിന്റെ പ്രതിഫലനമാകാം ഇതെന്ന് അഭിപ്രായമുയർന്നെങ്കിലും അങ്ങനെയല്ലെന്നു പിന്നീടു വ്യക്തമായി. പറക്കുന്ന അജ്ഞാതവസ്തുക്കളെപ്പറ്റി ഗവേഷണം നടത്തുന്നവർപോലും വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണെന്നാണു റിപ്പോർട്ട്.