പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിവിധ കോണുകളിൽ നിന്നും രൂക്ഷ വിമർശനങ്ങൾ ഉയരുന്നതിനിടെ മന്ത്രിമാർക്ക് ഉപദേശവുമായി മുതിർന്ന മന്ത്രി കെ.കൃഷ്ണൻകുട്ടി രംഗത്ത്.
അധികാരം കിട്ടിയാൽ യജമാനനാണെന്ന ധാരണ മന്ത്രിമാർക്കുണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ വോട്ട് ചെയ്ത് തെരഞ്ഞെടുത്തവരാണെന്ന ബോധ്യം മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ഉണ്ടാകണം.
അധികാരം ഇന്ന് വരും നാളെ പോകുമെന്ന യാഥാർഥ്യം എല്ലാവരും ഉൾക്കൊള്ളണം. ജനങ്ങൾക്ക് എല്ലാവർക്കും കൂടി അസംബ്ലിയിലേക്ക് പോകാൻ കഴിയില്ലെന്നും അതിനായി അവർ തെരഞ്ഞെടുത്ത് അയച്ച വ്യക്തികളാണ് നാം എന്ന ചിന്ത വേണമെന്നും കൃഷ്ണൻകുട്ടി ഓർമിപ്പിച്ചു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി.വാസുദേവൻ നായർ നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെ വിവിധ കോണുകളിൽ നിന്നും മുഖ്യമന്ത്രിക്കെതിരേ പ്രതികരണങ്ങൾ ഉണ്ടായിരുന്നു.
എം.ടിയുടെ വിമർശനങ്ങൾ പിണറായിയെ ഉദ്ദേശിച്ചല്ലെന്ന പ്രതിരോധം മന്ത്രിമാരും എൽഡിഎഫ് നേതാക്കളും ഉയർത്തിയെങ്കിലും വിഷയത്തിൽ സർക്കാർ പ്രതിരോധത്തിൽ ആയി. എം.ടിയുടെ വിമർശനങ്ങളോട് മുഖ്യമന്ത്രി ഇതുവരെയും പ്രതികരിച്ചിട്ടില്ല.