മധ്യവയസ്കരായ മിക്കവരും പറയുന്ന ഒരു പ്രശ്നമാണ് കാലു പുകച്ചില്‍. ബേണിംഗ് ഫൂട്ട് സിൻഡ്രോം (Burning feet syndrome)എന്ന് ഇംഗ്ലീഷില്പറയും. ഗ്രിര്സൺ-ഗോപാലൻ സിൻഡ്രോം (Grierson-Gopalan syndrome) എന്നു വൈദ്യശാസ്ത്ര ഭാഷയില്‍ ഞങ്ങള്‍ ഡോക്ടര്‍മാര്‍ കടുപ്പത്തിലും പറയും.
ലക്ഷണങ്ങൾ
പാദങ്ങളില്‍ അസുഖകരമായ ചൂടും വേദനയും തന്നെയാണ് പ്രധാന ലക്ഷണം. ഇത് രാത്രിയിൽ തീവ്രമാകാം, പകൽ സമയത്ത് കുറച്ച് ആശ്വാസം ലഭിക്കും.
രോഗലക്ഷണങ്ങൾ ലളിതമായരീതിയിലോ ഗുരുതരമായ രീതിയിലോ കാണപ്പെടാം. പുകച്ചില്‍ പാദങ്ങളില്‍ മാത്രമാകണമെന്നില്ല. പാദങ്ങളുടെ മുകൾഭാഗത്തെയും കണങ്കാലിനെയും ബാധിച്ചേക്കാം.
രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ കാലുകളില്‍
മരവിപ്പോ കുത്തുന്ന വേദനയോ പാദങ്ങളിൽ ഭാരമോ അനുഭവപ്പെടുന്നു. ചിലരില്‍ കാലിലെ ത്വക്കില്‍ നേരിയ ചുവപ്പും കാണാം. കാലില്‍
മരവിപ്പോ തരിപ്പോ ഇക്കിളിയാവുന്ന തോന്നലോ അനുഭവപ്പെട്ടേക്കാം.
രോഗകാരണങ്ങള്‍
മുറിവുകള്‍ മൂലമോ മറ്റു കാരണങ്ങളാലോ ഉണ്ടാകുന്ന നാഡീക്ഷതം അല്ലെങ്കിൽ നാഡികളില്‍ അനുഭവപ്പെടുന്ന സമ്മര്‍ദം എന്നിവ കാരണം ഇത് അനുഭവപ്പെടാം. ചിലപ്പോഴത് നട്ടെല്ലിന്റെ തകരാറുകള്‍ കാരണവുമാകാം. മരുന്നുകളുടെ, പ്രത്യേകിച്ച് കീമോതെറാപ്പി മരുന്നുകളുടെ ഉപയോഗം അല്ലെങ്കിൽ രാസ വിഷവസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നതുകൊണ്ടുമൊക്കെ ഈ അവസ്ഥ വരാം.
പെരിഫറൽ ന്യൂറോപ്പതി (ബാഹ്യ നാഡീക്ഷതം)
ഇത് സാധാരണമായി ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹവുമായി ബന്ധപ്പെട്ടാണ് കാണാറുള്ളത്. കീമോതെറാപ്പി മരുന്നുകൾ, ചില പാരമ്പര്യരോഗങ്ങൾ, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് പോലെയുള്ള ഓട്ടോ ഇമ്യൂൺരോഗങ്ങള്, വിഷ രാസവസ്തുക്കളുമായുള്ള നിരന്തരസമ്പർക്കം, അണുബാധകൾ, വൃക്ക തകരാറുകൾ,
മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങള്‍, പോഷകാഹാര അസന്തുലിതാവസ്ഥ, വിറ്റാമിൻ ബി കുറവ് എന്നിവ കൊണ്ടും ബാഹ്യ നാഡീക്ഷതം സംഭവിക്കാം.
ടാർസൽ ടണൽ സിൻഡ്രോം
നമ്മുടെ കണങ്കാൽ അസ്ഥികൾക്ക് സമീപം കണങ്കാലിനുളളിലെ ഇടുങ്ങിയ ഇടമാണ് ഈ ടാർസൽ ടണൽ. ഇതിനുള്ളിലൂടെ കടന്നു പോകുന്ന കാലിലെ നാഡിക്ക് ഞെരുക്കൽ അനുഭവപ്പെടുന്നതിന്റെ ഫലമായി ഈ അവസ്ഥ സംജാതമാകുന്നു.
(തുടരും)
ഡോ: ടി.ജി. മനോജ് കുമാർ,
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, ആറളം, കണ്ണൂർ
ഫോൺ – 9447689239 [email protected]