ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെയിലെ മുതിർന്ന എംഎൽഎ ഐ. കരുണാനിധിയുടെ മകനും മരുമകൾക്കുമെതിരേ ഗുരുതര ആരോപണവുമായി ദളിത് കുടുംബം രംഗത്ത്. എംഎൽഎയുടെ മകനും ഭാര്യയ്ക്കും ഒപ്പം വീട്ടുജോലിക്ക് നിന്ന പെൺകുട്ടി കൊടിയ ശാരീരിക പീഡനത്തിന് ഇരയായെന്നാണ് പരാതി.
പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ച ദമ്പതികൾ മുളകുവെള്ളം നിർബന്ധിച്ച് കുടുപ്പിച്ചുവെന്നും സിഗരറ്റ് കത്തിച്ച് ശരീരത്താകെ പൊള്ളിച്ചുവെന്നുമാണ് പരാതി. പീഡന വിവരം പുറത്തറിയാതിരിക്കാൻ പെൺകുട്ടിയെ പുറംലോകവുമായി ബന്ധപ്പെടുത്തിയിരുന്നില്ല. വീട്ടിലേക്ക് ഫോൺ ചെയ്യാൻ പോലും സമ്മതിക്കാതെയാണ് പീഡനം തുടർന്നതെന്നാണ് പെൺകുട്ടിയുടെ പരാതി.
മുളകുവെള്ളം കുടിച്ചു വയറെരിഞ്ഞ് കരഞ്ഞാലും വെള്ളം കുടിക്കാൻ അനുവദിക്കില്ലെന്നും പതിവായി ഉപദ്രവിക്കുമായിരുന്നുവെന്നും പരാതിയുണ്ട്. സംഭവത്തിൽ ദമ്പതികൾക്കെതിരേ പോലീസ് കേസെടുത്തതോടെ ഡിഎംകെ പ്രതിരോധത്തിലായി. പരാതി ഉന്നയിച്ച പെൺകുട്ടിയുടെ ശരീരത്താകെ പൊള്ളലേറ്റതിന്റെയും അടിയേറ്റതിന്റെയും പാടുകളുണ്ട്.
മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന് തയാറെടുക്കുന്ന പെൺകുട്ടി പരിശീലനത്തിന് പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് വീട്ടു ജോലിക്കിറങ്ങിയത്. ഒരു വർഷത്തോളമായി പെൺകുട്ടി ഇവർക്കൊപ്പമാണ് ജോലി ചെയ്യുന്നത്.
പൊങ്കൽ അവധിക്ക് ഉളുന്ദൂർപേട്ടയിലുള്ള വീട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടി ബന്ധുക്കളോട് കൊടിയ പീഡനത്തിന്റെ കഥ പറയുന്നത്. പിന്നാലെ വീട്ടുകാർ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ ഡോക്ടർ വിവരം പോലീസിന് കൈമാറിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഏഴ് വർഷമായി മകനും മരുമകളും വേറെയാണ് താമസിക്കുന്നതെന്നും അവരുടെ വീട്ടിൽ നടക്കുന്നത് എന്താണെന്ന് അറിയില്ലെന്നുമാണ് എംഎൽഎ കരുണാനിധിയുടെ പ്രതികരണം.
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുന്നതിനിടെ തുടർച്ചയായി ആരോപണം ഉയരുന്നത് ഭരണകക്ഷിയായ ഡിഎംകെയ്ക്ക് സമ്മർദ്ദമുണ്ടാക്കിയിട്ടുണ്ട്. മന്ത്രിമാർക്കെതിരേ തുടർച്ചയായി ഉണ്ടായ അഴിമതി ആരോപണവും ചെന്നൈ പ്രളയ സമയത്ത് സർക്കാർ വേണ്ടപോലെ പ്രവർത്തിച്ചില്ലെന്ന വിമർശനവും നിലനിൽക്കേയാണ് പുതിയ സംഭവം.
ദളിത് പെൺകുട്ടിക്ക് ഉണ്ടായ ദുരനുഭവം ഡിഎംകെയുടെ ധാർഷ്ട്യത്തെയാണ് കാണിക്കുന്നതെന്നും കുറ്റക്കാർക്കെതിരേ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലെ രംഗത്തെത്തിയിട്ടുണ്ട്.