തിരുവനന്തപുരം: അർജന്റീന ദേശീയ ഫുട്ബോൾ ടീം രണ്ട് സൗഹൃദ മത്സരങ്ങൾക്കായി കേരളത്തിലെത്തുന്നു. 2025 ഒക്ടോബറിലാണ് നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീന ടീം എത്തുന്നത്. കായിക മന്ത്രി വി. അബ്ദുറഹിമാനാണ് ഇക്കാര്യം അറിയിച്ചത്.
ലയണൽ മെസി അടക്കമുള്ള അർജന്റീന ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ അവസരം നഷ്ടപ്പെടുത്തിയിരുന്നു. ഈ വാർത്ത പുറത്തുവന്നതോടെ ഫുട്ബോൾ പ്രേമികൾ കടുത്ത നിരാശയിലായെന്നും ഇതാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ പ്രേരകമായതെന്നും മന്ത്രി വ്യക്തമാക്കി.
ഖത്തർ ലോകക്കപ്പ് സമയത്ത് കേരളത്തെ നീലക്കടലാക്കി മാറ്റിയ കേരളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ച് കേരളത്തിന്റെ ക്ഷണം അവർ സ്വീകരിച്ചു. നമ്മുടെ ടീമുമായുള്ള സൗഹൃദ മത്സരത്തിന്റെ സാധ്യതകളും കേരളത്തിന്റെ ഫുട്ബോൾ വികസനത്തിൽ അർജന്റീനയുമായി സഹകരിക്കാവുന്ന വിവിധ തലങ്ങളും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി നടന്ന ഓൺലൈൻ മീറ്റിംഗിൽ വിശദമായി ചർച്ച ചെയ്തുവെന്നും മന്ത്രി അറിയിച്ചു.
കേരള സർക്കാർ നടത്തുന്ന ഗോൾ പരിശീലന പദ്ധതിയുമായി സഹകരിക്കാനും 5,000 കുട്ടികളെ പരിശീലിപ്പിക്കുവാനും ഉള്ള താത്പര്യവും അവർ പ്രകടിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.