അയോധ്യയിൽ പൂജിച്ച അക്ഷതം സ്വീകരിക്കുന്ന വാർത്തകൾ വന്നതോടെ അക്ഷതം എന്താണെന്ന ചോദ്യമാണ് ഉയർന്ന് വന്നത്. അക്ഷതമെന്നാൽ ക്ഷതമില്ലാത്തത് പൊട്ടാത്തത് എന്നിങ്ങനെയാണ് അർഥം. ഹിന്ദുക്കളുടെ പല പൂജകൾക്കും അനുഷ്ഠാനങ്ങളിലും അക്ഷതം ഉപയോഗിക്കാറുണ്ട്.
ഷോഡശോപചാരങ്ങളിൽ വസ്ത്രം, ആഭരണം, ഉത്തരീയം മുതലായ ദ്രവ്യങ്ങൾ ഇല്ലാത്ത അവസരങ്ങളിൽ ആ സ്ഥാനത്ത് അക്ഷതം സമർപ്പിക്കാറുണ്ട്. ധവളമെന്നും, ദിവ്യമെന്നും, ശുഭമെന്നും അക്ഷതത്തെ വിശേഷിപ്പിക്കുന്നു.
വിവാഹങ്ങളിൽ വധൂ വരന്മാരുടെ ശിരസിൽ അക്ഷതം വച്ച് അനുഗ്രഹിക്കുന്ന പതിവുമുണ്ട്. അക്ഷതം കൈയിലെടുത്ത് ധ്യാനിക്കുകയോ ജപിക്കുകയോ ചെയ്ത ശേഷം ആളുകളിലേക്ക് വിതറിയാണ് അനുഗ്രഹിക്കുന്നത്.
ഏത് തരത്തിലുള്ള ധാന്യം കൊണ്ടും അക്ഷതം തയാറാക്കാം. എന്നാൽ ഏത് ധാന്യമായാലും പൊട്ടാൻ പാടില്ല എന്നതാണ് അടിസ്ഥാനകാര്യം. പൊട്ടുകയോ പൊടിയുകയോ ചെയ്യാത്ത ധാന്യമാണ് അക്ഷതം.
കേരളീയ സമ്പ്രദായത്തിൽ സാധാരണ ഉണക്കലരിയും നെല്ലും 2:1 എന്ന അനുപാദത്തിൽ കൂട്ടിച്ചേർത്താണ് അക്ഷതം തയാറാക്കുന്നത്. എന്നാൽ അരിക്ക് പകരമായി കടുകും എള്ളും ചേർത്തും അക്ഷതം ഉപയോഗിക്കുന്നുണ്ട്.