യുഎസ്: അമേരിക്കൻ നഗരങ്ങളിലെ ജനസംഖ്യയുമായി ബന്ധപ്പെട്ടു പുറത്തുവന്ന പഠന റിപ്പോര്‍ട്ട് വലിയ ആശങ്കയ്ക്കും ചർച്ചകൾക്കും വഴിവച്ചിരിക്കുകയാണ്. യുഎസിലെ പല നഗരങ്ങളിലെയും ജനസംഖ്യ 12 ശതമാനം മുതല്‍ 23 ശതമാനംവരെ കുറയുമെന്നും 2100 ഓടെ ജനസാന്നിധ്യമില്ലാതെ പ്രേതനഗരങ്ങളായി ചില നഗരങ്ങൾ മാറുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തെ കണക്കുകൾ അടിസ്ഥാനമാക്കി നേച്വര്‍ ഡോട്ട് കോമാണു റിപ്പോര്‍ട്ട് തയാറാക്കിയത്.
ജനസംഖ്യ കുറയുന്നതോടെ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളാകും ആദ്യം വിജനമാകുക. ക്രമാനുഗതമായി നഗരംതന്നെ ഉപേക്ഷിക്കപ്പെടാം. അതേസമയം, അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതലുള്ള ചില നഗരങ്ങളിലേക്ക് ആളുകൾ ആകർഷിക്കപ്പെടുകയും ആ നഗരങ്ങൾ വലിയതോതിൽ വികസിക്കുകയും ചെയ്യും.
ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലേക്കു മാത്രമായി അവശ്യസാധനങ്ങളുടെ വിതരണം ഭാവിയിൽ ചുരുക്കപ്പെടാനും സാധ്യതയുണ്ട്. ഗതാഗതം, ശുദ്ധജലം, വൈദ്യുതി, ഇന്റനെറ്റ് ലഭ്യത എന്നിവയെയെല്ലാം ഇതു ബാധിച്ചേക്കാം.
നഗരങ്ങളിലെ ജനജീവിതത്തെ സജീവമായി നിര്‍ത്തുന്നതിൽ പ്രാദേശിക സര്‍ക്കാരിനും സിറ്റി പ്ലാനര്‍മാര്‍ക്കും വലിയ പങ്കുണ്ടെന്നു പറയുന്ന പഠനം, സമൂഹത്തിനാവശ്യമുള്ള കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയും അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചും നഗരങ്ങളിൽ ജനങ്ങളെ നിലനിര്‍ത്താനാകുമെന്നും ചൂണ്ടിക്കാട്ടുന്നു.