മുംബൈ: അടുത്ത അഞ്ചുവർഷത്തേക്ക് ഐപിഎല്‍ ടൈറ്റിൽ അവകാശം ടാറ്റ നിലനിര്‍ത്തി. 2024-2028 കാലയളവിലേയ്ക്ക് 2500 കോടി രൂപ മുടക്കിയാണ് ടാറ്റ തങ്ങളുടെ ടൈറ്റിൽ അവകാശം ഉറപ്പിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ റിക്കാര്‍ഡ് തുകയാണിത്.
ടൈറ്റില്‍ സ്പോണ്‍സര്‍ക്കുള്ള ബിഡ് സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 12ന് അവസാനിച്ചപ്പോള്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ആയിരുന്നു മുന്‍പന്തിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ബിഡ് തുറന്നപ്പോള്‍ ഇരു വിഭാഗവും ഏതാണ്ട് അടുത്ത തുകയാണ് ക്വാട്ട് ചെയ്തിരുന്നത്. തുടര്‍ന്ന് ടാറ്റക്ക് തന്നെ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ നല്കാന് ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
ടൈറ്റില്‍ സ്പോണ്‍സര്‍മാരായി ചൈനീസ് കമ്പനികള്‍ വേണ്ടെന്ന നിലപാടില്‍ ബിസിസിഐ ഇപ്പോഴും മാറ്റം വരുത്തിയിട്ടില്ല. അതുപോലെ ഗെയിമിംഗ്, ബെറ്റിംഗ്, ക്രിപ്റ്റോ കറന്‍സി, ചൂതാട്ടസ മദ്യ നിര്‍മാണക്കമ്പനികള്‍ക്കും ടൈറ്റില്‍ സ്പോണ്സര്മാരാവുന്നതിന് വിലക്കുണ്ട്.
2022ല്‍ ഐപിഎല്‍ ഡിജിറ്റല്‍ സംപ്രേഷണവകാശം 23,758 കോടി രൂപക്ക് റിലയന്‍സിന്റെ ഉടമസ്ഥതതയിലുള്ള വയാകോം18നും ടെലിവിഷന്‍ സംപ്രേഷണവകാശം 23575 കോടി രൂപക്ക് ഡിസ്നി സ്റ്റാറും സ്വന്തമാക്കിയിരുന്നു.
2022ല്‍ ലോകത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കായിക ലീഗായി ഐപിഎല്‍ മാറിയിരുന്നു. അമേരിക്കയിലെ നാഷണൽ ഫുട്ബോള്‍ ലീഗിന് തൊട്ടുപിന്നിലാണ് മൂല്യത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഐപിഎല്ലിന്റെ സ്ഥാനം.