നീണ്ട 28 വർഷങ്ങൾക്ക് ശേഷം, മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ തയാറായി ഇന്ത്യ. മിസ് വേൾഡിന്റെ ഒദ്യോഗിക എക്സ് പേജിലൂടെയാണ് സംഘാടകർ ഈ വാർത്ത അറിയിച്ചത്.
“മിസ് വേൾഡിന്റെ ആതിഥേയ രാജ്യമായി ഇന്ത്യയെ അഭിമാനത്തോടെ പ്രഖ്യാപിക്കുമ്പോൾ ആവേശം നിറയുന്നു. സൗന്ദര്യത്തിന്റെയും വൈവിധ്യത്തിന്റെയും ശാക്തീകരണത്തിന്റെയും ആഘോഷം നിങ്ങൾക്കായി കാത്തിരിക്കുന്നു. അതിശയകരമായ യാത്രയ്ക്ക് തയ്യാറാകൂ!”എന്നാണ് പോസ്റ്റിന്റെ പൂർണരൂപം.
ബെംഗളുരൂവിൽ വെച്ച് 1996-ൽ ആണ് അവസാനമായി ഇന്ത്യയിൽ മിസ് വേള്‍ഡ് മത്സരം നടന്നത്. 1966 -ൽ ലോകസുന്ദരി കിരീടം നേടിയ റീത്ത ഫാരിയയാണ് ആദ്യമായി ലോക സുന്ദരി പട്ടം നേടിയ ഇന്ത്യക്കാരി. 1994-ൽ ഐശ്വര്യ റായ് ബച്ചനും 1997-ൽ ഡയാന ഹെയ്ഡനും ലോകസുന്ദരിപ്പട്ടം നേടിയിരുന്നു.
1999-ൽ യുക്ത മുഖി ഇന്ത്യയുടെ നാലാമത്തെ ലോകസുന്ദരിയായപ്പോള് പ്രിയങ്ക ചോപ്ര ജോനാസ് 2000-ൽ ലോകസുന്ദരിയായി. 2017-ൽ മാനുഷി ചില്ലറാണ് കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി.
ഈ വർഷത്തെ ലോക സുന്ദരി പട്ടത്തിനുള്ള മത്സരം ഫെബ്രുവരി 18 നും മാർച്ച് 9 നും ഇടയിലാണ് നടക്കുക. ദില്ലിയിലെ ഭാരത് മണ്ഡപം, മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്റർ എന്നിവയായിരിക്കും വേദികള്‍.
Chairman of Miss World, Julia Morley CBE stated "Excitement fills the air as we proudly announce India as the host country for Miss World. A celebration of beauty, diversity, and empowerment awaits. Get ready for a spectacular journey! 🇮🇳 #MissWorldIndia #BeautyWithAPurpose
— Miss World (@MissWorldLtd) January 19, 2024