കേരളത്തില്‍ ലഹരി നുരയുന്നതിനു പിന്നില്‍ ആവശ്യക്കാരുടെ ബാഹുല്യം: ഋഷിരാജ് സിംഗ്

FB-RISHI

വടകര: ആവശ്യക്കാര്‍ കൂടുതല്‍ ഉള്ളതു കൊണ്ടാണ് കേരളത്തില്‍ വ്യാപകമായി ലഹരിവസ്തുക്കള്‍ ലഭിക്കുന്നതെന്ന് എക്‌സൈസ് കമ്മീഷനര്‍ ഋഷിരാജ് സിംഗ്. താന്‍ ചാര്‍ജെടുത്തതിനു ശേഷമുള്ള മൂന്ന് മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസൂകള്‍ അപകടസൂചന നല്‍കുന്നതാണെന്നും ഋഷിരാജ് സിങ് പറഞ്ഞു. മണിയൂരിലെ കോളജ് ഓഫ് എന്‍ജിനിയറിംഗ് വടകരയിലെ ക്യാംപസ് മോണിറ്ററിംഗ് സെല്‍ സംഘടിപ്പിച്ച ഹെല്‍തി ക്യാംപസ് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനായിരത്തോളം മയക്കുമരുന്ന്് കേസുകള്‍, വ്യാജവാറ്റ്, വിദേശമദ്യക്കടത്ത് (10,000), പാന്‍പരാഗ് പോലുള്ള പുകയില ഉല്‍പങ്ങള്‍ പിടിച്ചെടുത്തവ (20,000) തുടങ്ങിയ കേസുകള്‍ ഇന്ത്യയില്‍ തന്നെ അഞ്ചാമത്തെ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയിരിക്കുന്നു. ദിവസേന പത്രം വായിച്ച് പൊതുവിജ്ഞാനം വര്‍ധിപ്പിക്കാനോ ലൈബ്രറിയില്‍ ഇത്തിരി നേരം ചെലവിടാനോ സമയമില്ലാത്തവര്‍ വാട്‌സ് ആപ് പോലുള്ളതിന് എത്രനേരം ചിലവിടാനും സന്നദ്ധരാവുന്നത് ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഒ.എ.ജോസഫ് അധ്യക്ഷത വഹിച്ചു. എ.ഫാത്തിമ, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷനര്‍ പി.കെ. സുരേഷ്, ഡോ. ബി.വി.മാത്യു എന്നിവര്‍ സംബന്ധിച്ചു. മലയാളത്തില്‍ നടത്തിയ ബോധവല്‍ക്കരണ ക്ലാസിനു ശേഷം വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.

Related posts