കൊരട്ടി : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അമ്മയെ വെട്ടുന്നതുകണ്ട് തടയാനെത്തിയ രണ്ടു മക്കൾക്കും വെട്ടേറ്റു. കൊരട്ടി ഖന്ന നഗറില് കൊഴുപ്പിള്ളി ബിനുവിന്റെ ഭാര്യ ഷീജയാണ് (39) വെട്ടേറ്റു മരിച്ചത്. വെട്ടിയശേഷം സ്ഥലത്തുനിന്നു ഓടിപ്പോയ ഭർത്താവ് ബിനുവിന്റെ (38) മൃതദേഹം കൊരട്ടി പഞ്ചായത്തുഹാളിനു പിന്നിലെ റെയിൽവേ ട്രാക്കിൽ കണ്ടെത്തി. അച്ഛൻ അമ്മയെ വെട്ടുന്നത് തടയാൻ ശ്രമിച്ച മക്കളായ അഭിനവ് (10), അനുഗ്രഹ (നാല് ) എന്നിവർക്കും വെട്ടേറ്റു.
പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ അഭിനവിന്റെ നില ഗുരുതരമാണ്. ഇന്നു പുലർച്ചെ അഞ്ചോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട ബിനുവിനായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാളുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്. സാന്പത്തിക ബാധ്യതയെത്തുടർന്നുണ്ടായ വാക്കുതർക്കമാണ് ദുരന്തത്തിനു കാരണമായതെന്നാണ് സൂചന. അയൽവാസികളായ ബിനുവും ഷീജയും പ്രണയിച്ചു വിവാഹിതരായരാണ്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട ബിനു മീൻകച്ചവടം നടത്തിയാണ് കുടുംബം പുലർത്തിയിരുന്നത്. ഭാര്യ ഷീജ തയ്യൽജോലി ചെയ്തിരുന്നു. ഇതിനിടെ നിരവധിപേരിൽനിന്ന് ബിനു കടംവാങ്ങി സാന്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു.
ഭാര്യയെ വെട്ടുന്നതിനിടെ തടയാൻ ഓടിയെത്തിയ മക്കൾക്കു വെട്ടേറ്റതോടെ ഇവർ വീട്ടിൽനിന്ന് ഇറങ്ങി യോടി അടുത്തുള്ള ബിനുവിന്റെസഹോദരൻ ബിനോയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. അപ്പോഴാണ് ഇവർ സംഭവമറിയുന്നത്. ഉടനെ കുട്ടികളെ ആശുപത്രിയിലാക്കുകയും നാട്ടുകാർ ബിനുവിന്റെ വീട്ടിലെത്തിയപ്പോൾ ഷീജയെ മരിച്ചനിലയിൽ കാണുകയുമായിരുന്നു. ബിനുവിനായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇയാളെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇവരുടെ വീടിനടുത്തുള്ള കുടുംബക്ഷേത്രത്തിൽ ഇന്ന് ഉത്സവമാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ അർധരാത്രി വരെ മരിച്ച ബിനുവും കുടുംബവും ബന്ധുക്കളും ക്ഷേത്രത്തിലുണ്ടായിരുന്നു. സംഭവത്തെത്തുടർന്ന് ഡിവൈഎസ്പി ടി.എസ്. സിനോജ്, കൊരട്ടി സിഐ പി.കെ. അരുൺ, എസ്ഐ പി.ബി. ബിന്ദുലാൽ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. കഴുത്തിന് വെട്ടേറ്റ അഭിനവിനെ കറുകുറ്റി അപ്പോളോ ആശുപത്രിയിലും അനുഗ്രഹയെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദന്പതികളുടെ മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഫോറൻസിക് സംഘം ഉച്ചയോടെ വീട്ടിലെത്തി പരിശോധന നടത്തി.