ന്യൂഡൽഹി: തായ്ലൻഡിൽനിന്നു റഷ്യക്കാരിയായ രോഗിയും ഭർത്താവുമായി റഷ്യയിലേക്കു പറന്ന എയർ ആംബുലൻസ് ജെറ്റ് വിമാനം അഫ്ഗാനിസ്ഥാനിൽ തകർന്നുവീണു. വിവാദമായ റഫാൽ വിമാനം നിർമിക്കുന്ന ഫ്രഞ്ച് കന്പനിയായ ദസോയുടെ 1978ൽ നിർമിച്ച സ്വകാര്യ റഷ്യൻ വിമാനമാണ് നാലു ജീവനക്കാരുൾപ്പെടെ ആറുപേരുമായി തകർന്നുവീണത്.
അപകടത്തിൽ രണ്ടുപേർ മരിച്ചതായും നാലുപേർ പരിക്കുകളോടെ രക്ഷപ്പെട്ടതായും താലിബാൻ വക്താവ് വെളിപ്പെടുത്തി. ബദക്ഷാൻ പ്രവിശ്യയിലെ കഫ്ആബ് ജില്ലയിലെ ആരുസ് കൊ പർവതത്തിനു സമീപമാണ് ഇന്നലെ വൈകുന്നേരത്തോടെ വിമാനം കണ്ടെത്തിയതെന്നും താലിബാൻ വക്താവ് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ചൈന, താജിക്കിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവയുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിലെ ബദക്ഷാൻ പ്രവിശ്യയിൽപ്പെട്ട സെബാക് ജില്ലയിൽനിന്നാണു വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. റഷ്യയിലേക്കുള്ള യാത്രാമധ്യേ ബിഹാറിലെ ഗയ വിമാനത്താവളത്തിൽനിന്ന് ഇന്ധനം നിറച്ചശേഷം പറന്നുയർന്നതായിരുന്നു വിമാനം.
അത്ലറ്റിക് ഗ്രൂപ്പ് എന്ന കന്പനിയുടെയും സ്വകാര്യവ്യക്തിയുടെയും ഉടമസ്ഥതയിലുള്ള രണ്ട് എൻജിനുകളുള്ള ബിസിനസ് ജെറ്റ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. തകർച്ചയുടെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റഷ്യൻ അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
തായ്ലൻഡിലെ പട്ടായയിലുള്ള ആശുപത്രിയിൽനിന്ന് ഗുരുതരാവസ്ഥയിലുള്ള ദക്ഷിണ റഷ്യയിലെ വൊൾഗൊഡൊന്സ്ക് സ്വദേശിനിയായ രോഗിയും അവരുടെ ഭർത്താവുമാണ് ജീവനക്കാർക്കുപുറമെ വിമാനത്തിലുണ്ടായിരുന്നത്.
പ്രത്യേക ലേഖകൻ