തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഉയര്‍ത്തിക്കാട്ടുന്നതോ ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അയോധ്യയിലേക്ക് ട്രസ്റ്റിന്റെ ക്ഷണം ഉണ്ടായിരുന്നു. ആ ക്ഷണം സ്വീകരിക്കാതെ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈയൊരു അവസരം ആളുകൾക്കിടയിൽ സാഹോദര്യം വളർത്തുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്ത ആളുകള്‍ക്ക് എല്ലാവര്ക്കും ഒരേ അവകാശം ഉറപ്പ് വരുത്താനുള്ള ബാധ്യത ഉണ്ട്. ഇന്ത്യന്‍ ഭരണഘടന എല്ലാ മതങ്ങള്‍ക്കും തുല്യത വാഗ്ദാനം ചെയ്യുന്നുണ്ട്. മതനിരപേക്ഷതയാണ് ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആത്മാവ്.
സ്വാതന്ത്ര്യസമര കാലം മുതൽ അത് രാജ്യത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. വിശ്വാസികളും ഏതെങ്കിലും മതത്തിൽ വിശ്വസിക്കാത്തവരും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. ഈ രാജ്യത്ത് എല്ലാ വിഭാഗക്കാർക്കും തുല്യമായ അവകാശമാണുള്ളത്. മതവിശ്വാസം സ്വകാര്യ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെയാണ് പിണറായി വിജയന്റെ പ്രതികരണം. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.