തൊടുപുഴ: മുതലക്കോടം പഴുക്കാക്കുളത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് ഒട്ടേറെ പേർക്ക് പരിക്ക്. സ്കൂൾ വിദ്യാർഥി ഉൾപ്പെടെ ആറു പേർ വിവിധ ആശുപത്രികളിൽ ചികിൽസ തേടി. പെരുന്തേനീച്ചയുടെ കുത്തേറ്റ വളർത്തുകുതിര ചത്തു.
ഇന്നു രാവിലെ എട്ടരയോടെയായിരുന്നു സംഭവം. തൊടുപുഴയിലെ സ്വകാര്യ സ്കുളിലെ വിദ്യാർഥികളുമായി സ്കൂൾ ബസ് കടന്നുപോയതിനു പിന്നാലെയാണ് പെരുന്തേനീച്ചക്കൂട് ഇളകിയത്. സംഭവത്തിനു തൊട്ടു മുമ്പ് സ്കൂൾ ബസ് കടന്നു പോയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
പഴുക്കാക്കുളം ആക്കപ്പടിക്കൽ ചാക്കോ പൈലി, മകൻ ജിന്റോ, ഓലേടത്തിൽ ജോഷി മാണി, ചാലമറ്റത്തിൽ ഇ.ടി.രാജൻ, സ്കൂൾ വിദ്യാർഥിയായ കണിയാംമൂഴിയിൽ അക്ഷയ് സുരേഷ്, ഷിജു തോമസ് എന്നിവരാണ് വിവിധ ആശുപത്രികളിൽ ചികിൽസ തേടിയത്. തൃക്കണശേരിൽ മത്തൻ എന്നയാളെയും തേനീച്ച ആക്രമിച്ചു.
ചാക്കോ പൈലിയും അക്ഷയ് സുരേഷും മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സ്വകാര്യ വ്യക്തിയുടെ ആൾ താമസമില്ലാത്ത പുരയിടത്തിലെ പെരുന്തേനീച്ചക്കൂടാണ് രാവിലെ ഭീകരാന്തരീഷം സൃഷ്ടിച്ച് ഇളകിയത്. ഇതു വഴിയെത്തിയ സ്കൂട്ടർ യാത്രക്കാരനായ ഷിജുവിനെയാണ് തേനീച്ചക്കൂട്ടം ആദ്യം ആക്രമിച്ചത്.
ഇദ്ദേഹം ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടു. പിന്നീട് ഇദ്ദേഹത്തെ കണ്ടെത്താൻ വൈകിയത് ആശങ്ക പരത്തിയെങ്കിലും പെരുന്പിള്ളിച്ചിറയിലെ ആശുപത്രിയിൽ ചികിൽസ തേടിയതായി സ്ഥിരീകരിച്ചു. മത്തനെ തേനീച്ച ആക്രമിക്കുന്നതു കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോഷി മാണിക്കു നേരേ ആക്രമണമുണ്ടായത്.
കുത്തേറ്റതിനെത്തുടർന്ന് ജിന്റോ വീട്ടിലേക്ക് ഓടിക്കയറിയപ്പോഴാണ് പിന്നാലെയെത്തിയ തേനീച്ചക്കൂട്ടം ഇവരുടെ വളർത്തുകുതിരയെ ആക്രമിച്ചത്.കുഴഞ്ഞുവീണ കുതിരയ്ക്ക് തൊടുപുഴ വെറ്ററിനറി ആശുപത്രിയിൽനിന്നെത്തിയ മെഡിക്കൽ സംഘം വിദഗ്ധ ചികിത്സ നൽകിയെങ്കിലും രാത്രിയോടെ ചാകുകയായിരുന്നു.
കുറ്റിക്കാട്ടിനുള്ളിൽ ഒളിച്ചാണ് ചാക്കോ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്. കുത്തേറ്റ് ബോധരഹിതനായ അക്ഷയ് സുരേഷിനെ ഫയർഫോഴ്സ് ആംബുലൻസിലാണ് തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. സംഭവമറിഞ്ഞ് പോലീസ്, ഫയർഫോഴ്സ്, റവന്യു അധികൃതർ സ്ഥലത്തെത്തിയിരുന്നു.
ഏറെ സമയത്തിനു ശേഷമാണ് പ്രദേശവാസികൾ വീടുകളിൽ നിന്നും പുറത്തിറങ്ങിയത്. വിദ്യാർഥികളുടെയും സ്കൂളിലേക്കുള്ള യാത്ര മുടങ്ങി. പൊതുപ്രവർത്തകനായ ജോസ് കിഴക്കേക്കര, ജോർജ് വർഗീസ് ഓലേടത്തിൽ എന്നിവരാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്.
തിരുവല്ലയിൽ നിന്നും ഒന്നര വർഷം മുന്പാണ് ജിന്റോ കുതിരയെ വാങ്ങിയത്. നാട്ടുകാർക്കും കുതിര കൗതുക കാഴ്ചയായിരുന്നു. ഏറെ ഓമനിച്ച് വളർത്തിയിരുന്ന കുതിര ചത്തത് ജിന്േറായ്ക്ക് പുറമെ പഴുക്കാക്കുളം നിവാസികൾക്കും വേദനയായി.