കോയമ്പത്തൂർ: അമ്മ ബസിൽ ഉപേക്ഷിച്ചു പോയ നാലു മാസം പ്രായമുള്ള കുഞ്ഞിനെ തേടി തൃശൂർ സ്വദേശിയായ അച്ഛൻ കോയമ്പത്തൂരിലെത്തി. എന്നാൽ അമ്മയും അച്ഛനും ഒരുമിച്ചു വന്നാലെ കുഞ്ഞിനെ കൈമാറാനാകൂ എന്നാണ് ശിശു സംരക്ഷണ വകുപ്പിന്റെ നിലപാട്. വെള്ളിയാഴ്ചയാണ് തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതി കുഞ്ഞിനെ ബസിൽ ഉപേക്ഷിച്ചത്. ബസിൽ കയറിയ ശേഷം കുഞ്ഞിനെ മറ്റൊരാളെ ഏൽപിച്ച് യുവതി മുങ്ങുകയായിരുന്നു. തുടർന്ന് പോലീസുകാർ ആശുപത്രിയിലേക്കു മാറ്റിയ കുഞ്ഞ് ഇപ്പോൾ ശിശുസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലാണ്.
കുടുംബവഴക്കിനെത്തുടർന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു. വെള്ളിയാഴ്ച തിരക്കേറിയ സ്വകാര്യ ബസിൽ കയറിയ ശേഷം കുഞ്ഞിനെ പിടിക്കാൻ മറ്റൊരു സ്ത്രീയോടു യുവതി ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിൽ എത്തുമ്പോൾ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞിരുന്നു. എന്നാൽ, യുവതിയെ കാണാതായതോടെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞാണ് കുഞ്ഞിന്റെ അച്ഛൻ സ്റ്റേഷനിലെത്തുന്നത്.
തൃശൂർ സ്വദേശിയും യുവതിയും പ്രണയിച്ചു വിവാഹിതരായവരാണ്. ബന്ധുക്കൾ പ്രണയത്തെ എതിർത്തിരുന്നു. വിവാഹശേഷം ഇവർ കോയന്പത്തൂരിൽ താമസിക്കുകയായിരുന്നു. അടുത്തിടെയുണ്ടായ വഴക്കിനെത്തുടർന്ന് യുവാവ് തൃശൂരിലേക്കു തിരികെപോയിരുന്നു. ഇതെത്തുടർന്നു കുഞ്ഞിനെ യുവതി ഉപേക്ഷിച്ചെന്നാണ് റിപ്പോർട്ട്.