തിരുവനന്തപുരം: മോട്ടോർ വാഹനവുമായി ബന്ധപ്പെട്ടും ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ടും വിവിധ സർവീസുകൾക്കായും അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോഴും, ഈ ചെല്ലാൻ പോലെ വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ അടയ്ക്കുമ്പോഴും തട്ടിപ്പിൽ വീഴാതെ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.
ഇ ചലാനുകളുടെ പിഴ അടയ്ക്കാൻ ഉപയോഗിക്കുന്ന ഔദ്യോഗിക വെബ്സൈറ്റുകളുടെ പേരുകൾക്ക് സമാനമായ പേരുകളുള്ള വെബ്സൈറ്റുകൾ നിലവിൽ ലഭ്യമാകുന്നതായി വ്യാപകമായ പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ് രംഗത്ത് വന്നത്.
പരിവാഹൻ സേവ എന്ന പൊതുവായ സൈറ്റ് വഴിയോ https://echallan.parivahan.gov.in എന്ന ലിങ്ക് വഴിയോ ഈ ചെല്ലാൻ നോട്ടീസിൽ ലഭ്യമായിട്ടുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ മാത്രമാണ് ഈ ചലാനുകളുടെ പിഴ അടക്കേണ്ടതെന്ന് മോട്ടോർ വാഹനവകുപ്പ് പൊതുജനങ്ങളെ ഓർമിക്കുന്നു.
ഇതിന് സമാനമായ പേരുള്ള മറ്റ് വെബ്സൈറ്റുകളുടെ വലയിൽ വീഴരുതെന്നും മോട്ടോർ വാഹനവകുപ്പ് പറയുന്നു.