പാമ്പാടി: പാമ്പാടി റബ്കോ കിടക്ക നിര്‍മാണ യൂണിറ്റില്‍ ജീവനക്കാര്‍ ഒരാഴ്ചയായി നടത്തുന്ന സമരം ചര്‍ച്ച ചെയ്യാന്‍ ലേബര്‍ ഓഫീസര്‍ വിളിച്ച യോഗത്തില്‍നിന്നു മാനേജ്മെന്റ് വിട്ടുനിന്നു.
സമരം യൂണിയന്റെ നേതൃത്വത്തിലല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റ് ചർച്ചയിൽനിന്നു വിട്ടുനിന്നത്. സ്ഥാപനം ഇത്തരത്തിൽ നിലപാടെടുത്തതോടെ ലേബര്‍ ഓഫീസര്‍ വിളിച്ചുചേര്‍ത്ത ഒത്തുതീര്‍പ്പുചര്‍ച്ച പൊളിഞ്ഞു.
തിങ്കളാഴ്ച കോട്ടയത്താണു തൊഴിലാളി പ്രതിനിധികളെയും മാനേജ്മെന്റ് പ്രതിനിധികളെയും ലേബര്‍ ഓഫീസര്‍ ചര്‍ച്ചയ്ക്കു വിളിച്ചത്. തൊഴിലാളി പ്രതിനിധികള്‍ ചര്‍ച്ചയ്ക്കെത്തിയെങ്കിലും മാനേജ്മെന്റ് പ്രതിനിധികള്‍ വന്നില്ല.
മൂന്നുമാസമായി ശമ്പളം കിട്ടാതെവന്നതോടെയാണ് റബ്കോ എംപ്ലോയീസ് യൂണിയനിലെ (സിഐടിയു) 120 തൊഴിലാളികൾ ഒരാഴ്ചയായി ഫാക്ടറി കവാടം ഉപരോധിച്ച് സമരം നടത്തുന്നത്.
യൂണിയന് നേതാക്കള്‍ സമരത്തിനിറങ്ങാത്തതിൽ തൊഴിലാളികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുണ്ട്. ഇന്നും സമരം തുടരുമെന്നു തൊഴിലാളികള്‍ പറഞ്ഞു.