കർഷകന്റെ വിയർപ്പിന്റെ ഫലമാണ് പാടത്തു വിളയുന്ന ഓരോ വിഭവങ്ങളും. മണ്ണിൽ വിത്ത് പാകി വിളവെടുക്കാൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധാരാളം കർഷകർ ലോകത്തുണ്ട്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ പച്ചക്കറികൾ വളർത്തിയെടുക്കുന്ന കർഷകനെ കുറിച്ച് കേട്ടിട്ടുണ്ടോ. ഇല്ലെങ്കിൽ കേട്ടോളൂ…
യുകെയിലെ നോട്ടിംഗ്ഹാംഷെയറിലെ പീറ്റർ ഗ്ലേസ്ബ്രൂക്ക് എന്ന കർഷകനാണ് ഇതിന്റെ ക്രെഡിറ്റ്. ആധുനിക യന്ത്രങ്ങൾ ഒന്നും തന്നെ ഉപയോഗിക്കാതെ അര ഏക്കർ കൃഷിസ്ഥലത്ത് വ്യത്യസ്തമായ പച്ചക്കറികൾ നട്ടുവളർത്തി ഗിന്നസിൽ ഇടം നേടിയ വ്യക്തിയാണ് ഇദ്ദേഹം. കെട്ടിട സർവേയറായി വിരമിച്ചയാളാണ് പീറ്റർ. തന്റെ ശിഷ്ട ജീവിതം കൃഷി ചെയ്തു ജീവിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അങ്ങനെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്.
ഉരുളക്കിഴങ്ങ് (4.98 കിലോ), കോളിഫ്ളവർ (27.48 കിലോ), വഴുതന (3.362 കിലോ), ഏറ്റവും ഭാരമുള്ള കാപ്സിക്കം (750 ഗ്രാം) എന്നിങ്ങനെ വലിപ്പമേറിയ പച്ചക്കറികൾ വളർത്തിയെടുത്താണ് പീറ്റർ ഗിന്നസ്ബുക്കിൽ ഇടം നേടിയത്.
ഓട്ടോമാറ്റിക് വാട്ടറിംഗ് സംവിധാനം ഉപയോഗിക്കാതെ തന്റെ റൂഫിൽ വീഴുന്ന മഴവെള്ളം ശേഖരിച്ചാണ് കൃഷിയിടങ്ങളിൽ അദ്ദേഹം ചെടികൾ നനയ്ക്കുന്നത്. കക്കിരി, ഉള്ളി, വഴുതന തുടങ്ങിയവയാണ് അദ്ദേഹം ഇന്ന് കൃഷി ചെയ്യുന്ന വിഭവങ്ങൾ. വലിയ വലിപ്പം വയ്ക്കുന്ന പച്ചക്കറികൾ നേരത്തേ അദ്ദേഹം കൃഷി ചെയ്തിരുന്നു. എന്നാൽ വിളവെടുക്കുന്നതിനും ചുമന്നുകൊണ്ടു പോകുന്നതിനുമുള്ള ബുദ്ധിമുട്ട് കാരണം താൽക്കാലികമായി അത്തരം പച്ചക്കറികൾ കൃഷിചെയ്യുന്നതിനു ഇടവേള ഇട്ടിരിക്കുകയാണ്. 79 -ാം വയസിലും യാതൊരു മടിയും കൂടാതെ ചുറുചുറുക്കോടെ ഓടി നടന്നു കൃഷി ചെയ്യുന്ന പീറ്റർ മറ്റുള്ളവർക്ക് വലിയ പ്രചോദനമാണ്.