വാഷിംഗ്ടണ്‍ ഡിസി: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ഡോണള്‍ഡ് ട്രംപ്. ന്യൂ ഹാംഷെയര്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ നിക്കി ഹേലിയെ അദ്ദേഹം പരാജയപ്പെടുത്തി.
ഇയോവ കോക്കസില്‍ നേടിയ പകുതിയിലധികം വോട്ട് ശതമാനം ന്യൂഹാംഷെയര്‍ പ്രൈമറിയിലും അദ്ദേഹം ആവര്‍ത്തിച്ചു. ജയത്തോടെ ട്രംപ് തന്നെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകും.
നേരത്തെ, അമേരിക്കയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള മത്സരത്തില്‍ മലയാളി വംശജന് വിവേക് രാമസ്വാമി, ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് എന്നിവരും രംഗത്തുണ്ടായിരുന്നു.
എന്നാല്‍ പ്രൈമറിയില്‍ പിന്നിലായതിനാല്‍ ഇവര്‍ പിന്മാറിയിരുന്നു.ഇരുവരും ട്രംപിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ട്രംപ് വിജയിച്ചെങ്കിലും മത്സരത്തില്‍ തുടരാനാണ് താന്‍ ആലോചിക്കുന്നതെന്ന് മുന്‍ യുഎന്‍ അംബാസഡറും സൗത്ത് കരോലിന ഗവര്‍ണറുമായ നിക്കി ഹേലി പറഞ്ഞു.