തിരുവനന്തപുരം: കൊച്ചിയിൽ അന്താരാഷ്ട്ര സ്റ്റേഡിയം നിർമിക്കുന്നതിനുള്ള നിർദേശം സംസ്ഥാന സർക്കാരിനു മുന്നിൽ അവതരിപ്പിച്ച് കേരളാ ക്രിക്കറ്റ് അസോസിയേഷൻ. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര സ്പോർട്സ് സമ്മിറ്റിൽ നിർദേശം കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 40 ഏക്കർ സ്ഥലത്ത് ചെങ്ങമനാട് വില്ലേജിൽ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ സ്പോർട്സ് സിറ്റിയാണ് പദ്ധതി നടപ്പാക്കുക.
40,000 ഇരിപ്പിടങ്ങൾ, ഇൻഡോർ-ഔട്ട്ഡോർ പ്രാക്ടീസ് സൗകര്യം, പരിശീലന ഗ്രൗണ്ട്, സ്പോർട്സ് അക്കാദമി & റിസർച്ച് സെന്റർ, ഇക്കോ പാർക്ക്, വാട്ടർ സ്പോർട്സ് പാർക്ക്, സ്പോർട്സ് മെഡിസിൻ & ഫിറ്റ്നസ് സെന്റർ, ഇ-സ്പോർട്സ് അരീന, വിനോദ മേഖല, ക്ലബ് ഹൗസ് എന്നിവ സ്റ്റേഡിയത്തിൽ വിഭാവനം ചെയ്യുന്നു.
കാര്യവട്ടം സ്റ്റേഡിയത്തിന്റെ കരാർ 33 വർഷത്തേക്ക് നിലനിർത്താൻ താൽപര്യം പ്രകടിപ്പിച്ച് കെസിഎ സംസ്ഥാന സർക്കാരിനെ സമീപിക്കാനും തീരുമാനിച്ചു.
ജയ് ഷായുടെ ഇഷ്ടം
കേരള ക്രിക്കറ്റ് അസോസിയേഷനാണ് ദേശീയപാതയോടു ചേര്‍ന്ന് അത്താണിയിൽ സ്റ്റേഡിയം നിര്‍മിക്കുന്നത്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള കരാര്‍ (എംഒയു) ഭൂവുടമകളുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ ഒപ്പുവച്ചിട്ടുണ്ട്.
ചെങ്ങമനാട്, നെടുമ്പാശേരി പഞ്ചായത്തുകളിൽനിന്നായി 60 ഏക്കറിലേറെ ഭൂമിയാണ് ഏറ്റെടുക്കുക. ഇതില്‍ 40 ഏക്കര്‍ സ്ഥലത്താണു സ്റ്റേഡിയം നിര്‍മിക്കുക.
ബാക്കി സ്ഥലം ക്രിക്കറ്റ് കളിയുടെയും മറ്റുമുള്ള പരിശീലന സൗകര്യങ്ങൾക്കും അനുബന്ധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും. പൊതു ആവശ്യത്തിനായി ഭൂമി തരംമാറ്റാന്‍ സര്‍ക്കാരിനെ കേരള ക്രിക്കറ്റ് അസോസിയേഷൻ സമീപിച്ചിട്ടുണ്ട്.
ഇടക്കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനാണ് അസോസിയേഷൻ ആദ്യം തീരുമാനിച്ചത്. എന്നാൽ ഇവിടെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് സ്വന്തം സ്റ്റേഡിയത്തിനായി കെസിഎ മറ്റൊരു സ്ഥലത്ത് ശ്രമങ്ങള്‍ ആരംഭിച്ചത്.
ബിസിസിഐ സെക്രട്ടറി ജെയ് ഷാ കൊച്ചിയിലെത്തിയപ്പോഴാണ് നെടുമ്പാശേരിയിലെ ഭൂമി കണ്ടതും ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനുയോജ്യമാണെന്ന് കെസിഎയെ അറിയിച്ചതും