അയോധ്യ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു പിന്നാലെ ഭക്തജനസാഗരത്തിൽ മുങ്ങി അയോധ്യ. തിക്കിലും തിരക്കിലും അപകടങ്ങൾ വർധിച്ചതോടെ അയോധ്യയിലേക്കു ഭക്തരുമായി വരുന്ന വരുന്ന വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. അയോധ്യ ക്ഷേത്രദർശനത്തിനുള്ള യാത്രയ്ക്കായുള്ള ഓൺലൈൻ ബുക്കിംഗുകൾ തത്കാലം റദ്ദാക്കാൻ നിർദേശിച്ചതായും റിപ്പോർട്ടുണ്ട്. ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസും സുരക്ഷാസേനകളും പാടുപെടുകയാണ്.
ആൾക്കൂട്ടത്തിലകപ്പെട്ട് പലർക്കും പരിക്കേൽക്കുന്നുണ്ട്. ക്ഷേത്രത്തിന്റെ മുഖ്യകവാടത്തിലൂടെ മാത്രമാണ് ഭക്തരെ കയറ്റിവിടുന്നത്. ഇതിനടുത്തുതന്നെ സൗജന്യ ഭക്ഷണം നൽകുന്ന ഭണ്ഡാരകളും തുറന്നിരിക്കുന്നത് തിരക്ക് അനിയന്ത്രിതമാകാൻ കാരണമാകുന്നുണ്ട്. ഭക്ഷണശാലകൾ അധികമില്ലാത്ത അയോധ്യ നഗരത്തിൽ പുറമേനിന്നെത്തുന്നവരിൽ കൂടുതലും സൗജന്യ ഭക്ഷണവിതരണ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്.
അയോധ്യയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് എല്ലാവിധ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്. തിങ്കളാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠാ ദിനത്തിൽ പൊതുജനത്തിനു പ്രവേശനമുണ്ടായിരുന്നില്ല. ഇന്നലെ മുതലാണു പൊതുജനങ്ങള്‍ക്കു ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതി നൽകിയത്.
ആദ്യദിനത്തിൽ മൂന്നു ലക്ഷത്തോളം പേർ അയോധ്യയിലെത്തിയെന്നാണു ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കിയത്. തിരക്കുണ്ടെങ്കിലും നിർദിഷ്ട സമയത്തിനപ്പുറം ദർശനം നീട്ടാനാവില്ലെന്നു ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. അയോധ്യ ക്ഷേത്രത്തിൽ സുരക്ഷയ്ക്കായി ഉത്തർപ്രദേശ് പോലീസിന്റെയും കേന്ദ്രസേനയുടെയും 8000 ലധികം ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിട്ടുള്ളത്.