നൂറു ചെറുനാരങ്ങയുടെ ശക്തിയുള്ള സോപ്പുകൊണ്ട് ഞൊടിയിടയിൽ പാത്രങ്ങൾ കഴുകാമെന്നുള്ള ധാരാളം പരസ്യങ്ങൾ അടക്കി വാഴുന്ന കാലത്താണ് നാമിന്നു ജീവിക്കുന്നത്. എന്നാൽ വെള്ളമോ സോപ്പോ ഉപയോഗിക്കാതെ പാത്രം കഴുകാൻ സാധിക്കുമെന്നു കാണിച്ച് തരുന്നൊരു വീഡിയോ ആണിന്ന് വൈറലാകുന്നത്. രാജസ്ഥാനിലെ താർ മരുഭൂമിയിലാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
വെള്ളത്തിനു പകരം പിന്നെന്ത് ഉപയോഗിച്ചാണ് പാത്രങ്ങൾ വൃത്തിയാക്കുന്നത് എന്നറിയേണ്ടേ… മണ്ണ് കൊണ്ടാണ് പാത്രങ്ങൾ വൃത്തിയാക്കുന്നത്. ഭക്ഷണമുണ്ടാക്കുകയോ, കഴിക്കുകയോ ചെയ്തു എന്ന് കരുതാവുന്ന തരത്തിലുള്ള പാത്രങ്ങൾക്കരിക്കരികിൽ ഒരാൾ ഇരിക്കുന്നതാണ് വീഡിയോയുടെ തുടക്കം.
അഴുക്ക് പറ്റിയ പാത്രങ്ങൾക്കുള്ളിൽ ധാരാളം മണൽ ഇട്ട് കൈ ഉപയോഗിച്ച് ഇയാൾ നന്നായി ഉരച്ച് വൃത്തിയാക്കുകയാണ്. വളരെ പെട്ടെന്ന് തന്നെ പാത്രം വൃത്തിയായി തിളങ്ങുന്നത് കാണാൻ സാധിക്കും. ‘താർ മരുഭൂമിയിലെ ശാസ്ത്രജ്ഞൻ’ എന്നാണ് നെറ്റിസൺസ് ഇയാളെ വിശേഷിപ്പിച്ചത്. നിങ്ങളുടെ വീടുകളിലും ഇതേ രീതിയിൽ പാത്രങ്ങൾ വൃത്തിയാക്കിയാൽ വെള്ളവും സോപ്പും ലാഭിക്കാമെന്ന് വീഡിയോയിൽ എഴുതിക്കാണിക്കുന്നുണ്ട്.
എന്നാൽ അതിപുരാതന കാലത്ത് മനുഷ്യർ ഇത്തരത്തിൽ പാത്രങ്ങൾ വൃത്തിയാക്കിയിരുന്നു. കാലം മാറിയതോടെ അത്തരം രീതികൾക്കും മാറ്റം വന്നു. ഇപ്പോഴും ഇതേ രീതി പിന്തുടരുന്നവരുണ്ടോ എന്നാണ് വീഡിയോ കണ്ട ഒരു കൂട്ടം ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.