കോഴിക്കോട്: കേരളത്തിലെ ആദ്യ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ), ഡീപ് ഫേക്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതി ഗുജറാത്ത് മെഹസേന സ്വദേശി കൗഷൽ ഷായുടെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള അന്വേഷണസംഘം ഡല്‍ഹിയിലേക്ക്.
പ്രതിയെ തിഹാര്‍ ജയിലിലെത്തി പോലീസ് ചോദ്യം ചെയ്യും. സൈബര്‍ ക്രൈം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ദിനേശ് കോറോത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ ഡൽഹിയിലേക്കു പുറപ്പെട്ടു.
കോഴിക്കോട് കോടതിയാണ് 25 മുതൽ 28 വരെ പ്രതിയുള്ള ജയിലിൽ പോയി ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തിന് അനുമതി നൽകിയത്.
കൗശൽ ഷായുടെ കൂട്ടാളികൾ നേരത്തെ അറസ്റ്റിലായപ്പോൾ ലഭ്യമായ വിവരങ്ങൾ അടക്കം ഉൾക്കൊള്ളിച്ചുള്ള ചോദ്യാവലിയാണ് അന്വേഷണ സംഘം തയാറാക്കിയിട്ടുള്ളത്. പ്രതിയെ നേരത്തെ കോഴിക്കോട് കോടതിയിൽ ഹാജരാക്കിയപ്പോൾ ചോദ്യം ചെയ്യലിനോടു സഹകരിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം കേസിൽ ഉൾപ്പെട്ട ജറാത്ത് സ്വദേശി ഷെയ്ക്ക് മുർതുസാമിയ ഹയാത്ത് ഭായ് (43), മഹാരാഷ്ട്ര നവി മുംബൈ സ്വദേശി അമ്രിഷ് അശോക് പട്ടേൽ (42) എന്നിവർക്കു കർശന ഉപാധികളോടെ കോഴിക്കോട് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഡീപ് ഫേക്ക് ടെക്നോളജി ഉപയോഗിച്ച് കൂടെ ജോലിചെയ്തിരുന്ന ആളാണെന്ന് പറഞ്ഞ് വാട്സ്ആപ് കോളിലൂടെ പാലാഴി സ്വദേശി പി.എസ് . രാധാകൃഷ്ണനിൽ നിന്ന് 40,000 രൂപ തട്ടിയെടുത്ത കേസിലാണ് സംഘം അറസ്റ്റിലായത്.
ഹയാത്ത് ഭായിയെ നവംബറിലും അമ്രിഷ് അശോക് പട്ടേലിനെ ഡിസംബറിലുമാണ് കോഴിക്കോട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.