ബംഗളൂരു: അധ്യാപികയുടെ കൊലപാതകത്തിന് പിന്നിൽ പ്രണയപ്പകയെന്ന് പൊലീസ്. പാണ്ഡവപുര മാണിക്യഹള്ളിയിൽ ദീപിക വി. ഗൗഡയാണ്(28) കൊല്ലപ്പെട്ടത്. കർണാടകയിലെ മണ്ഡ്യ മേലുകോട്ടെയിൽ നിന്ന് കാണാതായ സ്കൂൾ ടീച്ചറുടെ മൃതദേഹം ക്ഷേത്ര മൈതാനത്തിന് സമീപം കുഴിച്ചുമൂടിയ നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തിൽ ദീപികയുടെ അയൽവാസിയായ നിതീഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിജയനഗരയിലെ ഹൊസ്പേട്ടിൽ നിന്നാണ് ഇയാൾ പിടിക്കപ്പെട്ടത്. കഴിഞ്ഞ രണ്ട് വർഷമായി ദീപികയും നിതീഷും അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
എന്നാൽ കുടുംബത്തിൽ നിന്ന് എതിർപ്പുകൾ വന്നതോടെ ദീപിക ബന്ധത്തിൽ നിന്നും പിന്മാറി. ഇതോടെ ദീപികയെ കൊല്ലാനുള്ള പദ്ധതി പ്രതി ആസൂത്രണം ചെയ്തു. ജന്മദിനം ആഘോഷിക്കാനെന്ന വ്യാജേന ദീപികയെ മേലുകോട്ടെ ഹിൽസിലേക്കു നിതീഷ് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. മൃതദേഹം പിന്നീട് ക്ഷേത്രവളപ്പിൽ കുഴിച്ചിടുകയും ചെയ്തു.
തുടർന്ന് ദീപികയെ കാണുന്നില്ലെന്ന് പറഞ്ഞ് വീട്ടുകാർ പോലീസിൽ പരാതി നൽകി. സ്കൂളിലേക്കു പോയ ദീപിക പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയില്ലെന്നാണ് ഭർത്താവ് ലോകേഷ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ദീപികയ്ക്കായി നാട്ടുകാരും പോലീസും അന്വേഷണം നടത്തുന്നതിനിടെയാണ് മേലുകോട്ടെ യോഗനരസിംഹ ക്ഷേത്ര വളപ്പിൽ നിന്ന് ഇവരുടെ സ്കൂട്ടർ കണ്ടെത്തുന്നത്. പിന്നാലെ ക്ഷേത്ര പരിസരത്ത് പരിശോധന നടത്തുന്നതിനിടെ മൈതാനത്തെ മണ്ണ് ഇളകിക്കിടക്കുന്നത് കണ്ട് സംശയം തോന്നി കുഴിച്ച് നോക്കിയപ്പോഴാണ് ദീപികയുടെ മൃതദേഹം കണ്ടെത്തിയത്.